തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിലെ സ്ഥലസൂചനാ ബോർഡുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം ഇടംപിടിക്കും. ബോർഡ് തയ്യാറാക്കിക്കൊടുക്കുന്ന സ്ഥാപനങ്ങൾക്ക് അവരുടെ പേരുകൂടി ഉൾപ്പെടുത്താം. സ്വന്തമായി ബോർഡ് തയ്യാറാക്കുന്നതിന്റെ ചെലവു കുറയ്ക്കാൻ കെ.എസ്.ആർ.ടി.സി. ആരംഭിച്ച സ്പോൺസർഷിപ്പ് പദ്ധതിയിലാണ് ഈ സംവിധാനം ഒരുങ്ങുന്നത്. ഗതാഗത നിയമപ്രകാരം ബസുകളിൽ ലൈറ്റ് ഘടിപ്പിച്ച റൂട്ട് ബോർഡുകൾ നിർബന്ധമാണ്. ഇതിലാണ് കെ.എസ്.ആർ.ടി.സി. കച്ചവടക്കണ്ണ് കാണുന്നത്. ഒരു സ്ഥാപനത്തിന് അവയുടെ മുന്നിലൂടെ പോകുന്ന ബസുകളുടെ റൂട്ട് ബോർഡുകൾ തയ്യാറാക്കി കൊടുക്കാനാകും.
റൂട്ട് ബോർഡിൽ സ്ഥാപനത്തിന്റെയും പേരെഴുതാം. യാത്രക്കാർക്ക് ഈ സ്ഥാപനത്തിനു മുന്നിലൂടെയാണ് ബസ് പോകുന്നതെന്നു മനസ്സിലാകുംവിധമാണ് ക്രമീകരണം. സ്ഥാപനത്തിന് കെ.എസ്.ആർ.ടി.സി. ബസിൽ പരസ്യമാകും. കെ.എസ്.ആർ.ടി.സി.ക്ക് ബോർഡിന്റെ ചെലവും ഉണ്ടാകില്ല. മറ്റു സ്ഥലങ്ങൾക്കൊപ്പം സ്ഥാപനത്തിന്റെയും പേരെഴുതുന്നതിനാൽ റൂട്ട് ബോർഡായി വ്യാഖ്യാനിക്കാം. ഗതാഗത നിയമലംഘനവുമാകില്ല.