കൊച്ചി: കെഎസ്ആര്‍ടിസിക്ക് ശമ്പള വിതരണത്തിനായി ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചെന്നും ഇന്ന് തന്നെ ശമ്പളം ലഭിക്കുമെന്നും സിഎംഡി ബിജു പ്രഭാകര്‍ ഹൈക്കോടതിയെ അറിയിച്ചു. പണം ലഭിക്കുന്ന മുറയ്ക്ക് ബാക്കി ശമ്പളം നല്‍കുമെന്നും സിഎംഡി. ശമ്പള വിതരണത്തിനും കുടിശ്ശികക്കുമായുള്ള കെഎസ്ആര്‍ടിസിയുടെ 130 കോടി രൂപയുടെ അപേക്ഷ പരിഗണനയിലുണ്ടെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു. കോടതിയില്‍ ഓണ്‍ലൈനായി ഹാജരായാണ് ബിജു പ്രഭാകര്‍ വിവരമറിയിച്ചത്.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ള പണം സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്രം സഹായിച്ചെങ്കില്‍ മാത്രമേ കെഎസ്ആര്‍ടിസിയെ സാമ്പത്തികമായി സഹായിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് അന്തിമതീരുമാനമെടുക്കാന്‍ കഴിയൂ. കേന്ദ്രം പണം നല്‍കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരും പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അടുത്ത മാസം 15ന് തീരുമാനം അറിയിക്കണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.