നിത്യഹരിതയായ മഴക്കാടുകളും നിബിഡ വനത്തിനുള്ളിലെ കാണാക്കാഴ്ചകളും ചേർന്ന് എന്നും മലയാളികളെ ആകർഷിക്കുന്ന ഇടമാണ് സൈലന്റ് വാലി. എന്നാല്‍ അത്ര എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ കഴിയാത്തതിനാല്‍ സൈലന്റ് വാലിയിലെ കാഴ്ചകൾ ആസ്വദിച്ചിട്ടുള്ളവർ ചുരുക്കമായിരിക്കും. എന്നലിതാ, സൈലൻറ് വാലിയിലേക്ക് ഒരു യാത്ര ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങള്‍ ഒരുങ്ങിക്കോ. പാലക്കാട് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ സൈലന്റ് വാലിയിലേക്ക് ജംഗിൾ സഫാരി ആരംഭിച്ചു.
കഴിഞ്ഞ് ദിവസം 52 പേരുമായി നടത്തിയ ആദ്യ യാത്ര വൻ വിജയമായിരുന്നു. ബജറ്റ് ടൂറിസം സെൽ. സൈലന്റ് വാലി ദേശീയോദ്യാനവുമായി സഹകരിച്ചുള്ള യാത്രയിൽ താല്പര്യമുള്ളവർക്ക് യാത്ര ബുക്ക് ചെയ്യാം. പുലര്‍ച്ചെ 5.00 മണിക്ക് പാലക്കാട് ഡിപ്പോയിൽ നിന്നും പുറപ്പെടുന്ന യാത്ര രണ്ട് മണിക്കൂറിന് ശേഷം ഏഴു മണിയോടെ സൈലന്റ് വാലിയിലെത്തും. പ്രഭാത ഭക്ഷണം ഇവിടെ ഒരുക്കിയിട്ടുണ്ടാവും. അത് കഴിച്ച ശേഷം പിന്നീടുള്ള യാത്ര വനംവകുപ്പിന്റെ വാഹനത്തിലാണ്. കാടിനുള്ളിലൂടെയുള്ള സഫാരി ഒരു മണിക്ക് തീരും. ഉച്ചഭക്ഷണവും വനംവകുപ്പ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. യാത്രയിലെ അടുത്ത ലക്ഷ്യസ്ഥാനം കാഞ്ഞിരപ്പുഴ ഡാം ആണ്.
നിശബ്ദ താഴ്വര എന്നറിയപ്പെടുന്ന സൈലന്റ് വാലി പശ്ചിമഘട്ടത്തിന്റെ ഭാഗമായ ദേശീയോദ്യാനമാണ്. വർഷങ്ങളുടെ പഴക്കമുള്ള കാടുകളാണ് ഇതിലുള്ളതെന്നാണ് കരുതുന്നത്. സൈരന്ധ്രിക്കാടുകൾ എന്നും ഇവ അറിയപ്പെടുന്നു. സിംഹവാലൻ കുരങ്ങ് ഉൾപ്പെടെയുള്ളവ കാണപ്പെടുന്ന ഇവിടുത്തെ ജൈവൈവിധ്യം പകരം വെയ്ക്കാനാവാത്ത ഒന്നാണ്. ഇനിയും തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത ജീവജാലങ്ങളും ഇവിടെയുണ്ട്. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴയിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് കാഞ്ഞിരപ്പുഴ ഡാം. ഇതിനോട് ചേർന്ന് കാഞ്ഞിരപ്പുഴ ഉദ്യാനം. തൊട്ടടുത്തുള്ള ബേബി ഡാമിൽ ബോട്ട് സർവീസ് ഉണ്ട്. വാക്കോടൻ മലയുടെ മനോഹരമായ കാഴ്ചയും ഇവിടെ നിന്നാൽ കാണാം. കാഞ്ഞിരപ്പുഴ അണക്കെട്ടിൽ നിന്നും ശിരുവാണി ഡാമിലേക്ക് പോകാന്‍ കഴിയും. ഇതിന് പ്രത്യേക അനുമതി ആവശ്യമാണ്.