തിരുവനന്തപുരം : പാപ്പനംകോട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ചു. ഡിപ്പോ എഞ്ചിനിയര്‍ മനോജാണ് തൂങ്ങിമരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. സഹപ്രവര്‍ത്തകരാണ് മൃതദേഹം ആദ്യം കണ്ടത്. കണ്ണൂര്‍ ഡിപ്പോ എഞ്ചിനിയറായ മനോജിനെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയത്. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് സ്ഥലംമാറ്റം. ഒരാഴ്ച മുമ്പായിരുന്നു തിരുവനന്തപുരത്ത് ജോലിക്കെത്തിയത്. വന്ന ദിവസം മുതല്‍ ആരോടും വലിയ സംസാരമുണ്ടായിരുന്നില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.
വീട് വെയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായും അറിയുന്നുണ്ട്. ബാങ്കില്‍ ലോണിന് ചെന്നപ്പോള്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ലോണ്‍ നല്‍കാനാകില്ലെന്ന് പറഞ്ഞുവെന്നാണ് മനോജിന്റെ അടുത്ത സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന വിവരം. കരമന പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.