മല്ലപ്പള്ളി: യാത്രക്കിടെ തലകറങ്ങി ബോധം നഷ്ടപ്പെട്ട യുവതിയെ ശരവേഗത്തില്‍ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. ഇന്ന് രാവിലെ 7.50 ന് ചുങ്കപ്പാറയില്‍ നിന്നും തിരുവല്ലക്ക് പുറപ്പെട്ട ബസ്സിലാണ് സംഭവം. ബസ് അത്യാലിൽ എത്തിയപ്പോൾ സീറ്റിലിരുന്ന ഒരു യുവതി തലകറങ്ങി ബോധം നഷ്ടപ്പെട്ട് അടുത്തിരുന്ന ആളിന്റെ ദേഹത്തേക്ക് മറിഞ്ഞുവീണു. ഉടന്‍ തന്നെ കണ്ടക്ടര്‍ ഡ്രൈവറെ അറിയിക്കുകയും ബസ്സ് എഴുമറ്റൂർ ഗവ.ആശുപത്രിയിലേക്ക് വിടുകയും ചെയ്തു.
എന്നാല്‍ അവിടെ ഡോക്ടർ ഇല്ലാത്തതിനാൽ ബസ് നേരെ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടു. ഇവിടെയെത്തിയ ഉടന്‍ ഡ്രൈവറും കണ്ടക്ടറും യുവതിയെ താങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് യുവതിയുടെ ഫോണില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് വീട്ടുകാരെ അറിയിച്ചു. ഈ സമയമത്രയും യുവതി ബോധമില്ലാതെ കിടക്കുകയായിരുന്നു. യുവതിയുടെ വീട്ടുകാർ എത്തി അവരെ ഏൽപ്പിച്ച ശേഷമാണ് ബസ് ട്രിപ്പ് തുടങ്ങിയത്. ഇതിനിടെ ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാരെ വേറെ കെ.എസ്.ആർ.ടി.സി ബസിൽ കണ്ടക്ടർ കയറ്റി വിടുകയും ചെയ്തു. ബസ്സിലെ യാത്രക്കാരാണ് ജീവനക്കാരുടെ ഈ നല്ല പ്രവര്‍ത്തി പുറംലോകത്ത് അറിയിച്ചത്.