തൊടുപുഴ : ലോറി സ്റ്റാന്‍ഡിലെ താത്കാലിക ഡിപ്പോയില്‍ നിന്ന് ഗ്യാരേജ് ഒഴികെ മുഴുവന്‍ പ്രവര്‍ത്തനവും കെ.എസ്.ആര്‍.ടി.സി പുതിയ ബസ് ടെര്‍മിനലിലേക്ക് മാറ്റി. ഡി.ടി.ഒ ഓഫീസ്, സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്, കണ്‍ട്രോളിങ് ഇന്‍സ്‌പെകര്‍ ഓഫീസ് എന്നിവയും ഇവിടെ പ്രവര്‍ത്തനം തുടങ്ങി. ബസ് സര്‍വീസുകള്‍ പൂര്‍ണതോതില്‍ ആരംഭിച്ചു. ഇതോടൊപ്പം അനുബന്ധ ഓഫീസുകളും ടെര്‍മിനലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോറി സ്റ്റാന്റില്‍ ഇനി ശേഷിക്കുന്ന ഗ്യാരേജ് ഉടന്‍ പുതിയ ടെര്‍മിനലിലേക്ക് മാറ്റുന്നതാണ് .
ഇരിപ്പിടവും ടോയ്‌ലറ്റുമടക്കം യാത്രക്കാര്‍ക്ക് അത്യാവശ്യ സൗകര്യങ്ങളെല്ലാം ടെര്‍മിനലില്‍ സജ്ജമാക്കിയിട്ടുണ്ട്. ബസ് സര്‍വീസുകളുടെ റൂട്ടും സമയവും ഉള്‍പ്പെടെ അത്യാവശ്യ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കാന്‍ താത്കാലിക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മൈക്ക് അനൗണ്‍സ്‌മെന്റ് അടക്കം സംവിധാനങ്ങള്‍ വൈകാതെ വരും. തിങ്കളാഴ്ച മുതല്‍ പുതുതായി ആരംഭിച്ച തിരുവനന്തപുരം, ആലപ്പുഴ സര്‍വീസുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിലവില്‍ 43 ബസുകളാണ് ടെര്‍മിനലില്‍നിന്ന് സര്‍വീസ് നടത്തുന്നത്. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ളതടക്കം ഏതാനും പുതിയ സര്‍വീസുകള്‍ കൂടി പരിഗണനയിലുണ്ട്.