തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ വന്‍ പ്രതിസന്ധിയെന്ന് എം ഡി ബിജുപ്രഭാകര്‍. ആരേയും പിരിച്ചുവിടില്ലെങ്കിലും ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടിക്കറ്റ് മെഷീനില്‍ തട്ടിപ്പ് നടക്കുന്നുണ്ട്. വര്‍ക്ക്‌ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും ക്രമക്കേടുണ്ട്. സി എന്‍ ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാനാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
കെ എസ് ആര്‍ ടി സിയുടെ തലപ്പത്ത് ബിജുപ്രഭാകര്‍ ചുമതലയേറ്റെടുത്ത ശേഷം ആദ്യമായാണ് ജീവനക്കാര്‍ക്കെതിരെ രൂക്ഷമായ പ്രതികരണമുണ്ടാകുന്നത്. കെ എസ് ആര്‍ ടി സി കടം കയറി നില്‍ക്കുകയാണ്. സ്ഥലം വില്‍ക്കാനും പാട്ടത്തിന് നല്‍കാനും തീരുമാനിച്ചത് അതുകൊണ്ടാണ്. പുതിയ കമ്പനി രൂപീകരിക്കുമെന്ന് കരുതി കെ എസ് ആര്‍ ടി സിയെ മുറിച്ച് മാറ്റില്ലെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
ബിജുപ്രഭാകര്‍ സി എം ഡി ആയി വന്നശേഷം പല തരത്തിലുളള മാറ്റങ്ങള്‍ കെ എസ് ആര്‍ ടി സിയില്‍ നടക്കുന്നുണ്ട്. അതിനിടയിലാണ് യൂണിയനെതിരെ ഏറ്റുമുട്ടലിലേക്ക് ബിജുപ്രഭാകര്‍ നീങ്ങുന്നത്. ഏറെ നാളായി നിലനില്‍ക്കുന്ന ശീത സമരത്തിന് ഒടുവിലാണ് ബിജുപ്രഭാകറിന്‍റെ പ്രസ്‌താവന വന്നിരിക്കുന്നത്. ഇതോടെ സംഭവം കൂടുതല്‍ പൊട്ടിത്തെറിയിലേക്കും പരസ്യ വിവാദത്തിലേക്കുമാണ് നീങ്ങുന്നത്.