സുല്‍ത്താന്‍ ബത്തേരി: വിനോദസഞ്ചാരത്തിനായി കെ .എസ്.ആര്.ടി.സി ബസ് വാടകയ്ക്കെടുത്ത് കേന്ദ്രങ്ങള്‍ കറങ്ങിയുള്ള ആനവണ്ടി ഫാന്‍സിന്റെ യാത്ര വിവാദത്തിലായി. ഇവര്‍ ബസിനു മുകളില്‍ കയറിയിരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് സുല്‍ത്താന്‍ ബത്തേരി ഡിപ്പോ പ്രതിക്കൂട്ടിലായത്. ഡിപ്പോക്ക് നാണക്കേടുണ്ടാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തികള്‍ക്കെതിരെ ജീവനക്കാരും രംഗത്തെത്തിയിരുന്നു.
ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഓണ്‍ലൈന്‍ കൂട്ടായ്മയാണ് കഴിഞ്ഞദിവസം സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെത്തി രണ്ട് ബസുകള്‍ വാടകയ്ക്കെടുത്തത്. ഇവര്‍ മുത്തങ്ങ, കാരാപ്പുഴ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയായിരുന്നു യാത്ര ചെയ്തത്.
അതെസമയം കാരാപ്പുഴയില്‍ ബസിനു മുകളില്‍ കയറിയിരുന്നുള്ള സാഹസിക പ്രകടനങ്ങള്‍ നടത്തിയ ഇവര്‍ തലനാരിഴയ്ക്കാണ് അപകടങ്ങളില്‍ നിന്നും ഒഴിവായത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബസിനു മുകളില്‍ കയറി ഇരുന്നു. മുകളിലെ വൈദ്യുതി ലൈന്‍ ഗൗനിക്കാതെയായിരുന്നു ഇവരുടെ ഉല്ലാസയാത്ര. അതേസമയം പിറകിലെ ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്നവര്‍ രഹസ്യമായി ഇത് മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇത് ടൂറിസ്റ്റ് ബസുകാര് അവരുടെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു .ഇതോടെയാണ് യാത്ര വിവാദമായത്.