തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഉപയോഗ ശൂന്യമായ ബസുകൾ ഇനി മുതൽ ഫുഡ്കോർട്ടുകളാകും. ഉപയോഗശൂന്യമായ ബസുകളിൽ ചില്ലറ വില്പന സ്റ്റാളുകളും ഫുഡ് കോർട്ടുകളും സഞ്ചരിക്കുന്ന ഭക്ഷണ ശാലകളും ഒരുക്കാനാണ് തീരുമാനം. കെ.എസ്. ആർ.ടി.സി ഫ്രഷ് മാർട്ട് എന്നാണ് പദ്ധതിയുടെ പേര്. സഞ്ചരിക്കുന്ന ഭക്ഷണശാലകൾക്ക് “സേഫ് ടു ഈറ്റ്” എന്നും പേരു നൽകി. ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
മത്സ്യഫെഡ്, കെപ്കോ, കൺസ്യൂമർ ഫെഡ്, സപ്ലൈകോ, കുടുംബശ്രീ, ഹോർട്ടികോർപ് തുടങ്ങിയവയുടെ സ്റ്റാളുകളാണ് ആദ്യം ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ കിഴക്കേകോട്ട, തമ്പാനൂർ ബസ് ടെർമിനൽ എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റാളുകൾ ആരംഭിക്കുന്നത്.
സാധാരണ 20 വർഷമാണ് ഒരു ഓർഡിനറി ബസിന്റെ കാലാവധി. സൂപ്പർ ഫാസ്റ്റ് ബസുകളുടെ കാലാവധി അഞ്ച് വർഷവും. എന്നാൽ പരിപാലനക്കുറവിനെ തുടർന്ന് 15 വർഷത്തിൽ താഴെ മാത്രമാണ് ബസുകൾ നിരത്തിലോടുന്നത്.
പുതിയ ബസുകൾ വാങ്ങുമ്പോൾ പഴയത് ഓർഡിനറിയിലേയ്ക്ക് മാറ്റുകയാണ് പതിവ്. പുതിയ ബസുകൾ ലഭിക്കാത്തതിനാൽ സൂപ്പർ ഫാസ്റ്റ് ബസുകളുടെ കാലാവധി ഏഴ് വർഷം ആക്കി. നിലവിൽ 986 ബസുകളാണ് ഉപയോഗ ശൂന്യമായ നിലയിൽ കെഎസ് ആർ ടി സിക്കുള്ളത്.