കരുനാഗപ്പള്ളി : അരിനല്ലൂരിൽ വാറ്റുകേന്ദ്രത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 2700 ലിറ്റർ കോടയും 150 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി കണ്ടക്ടറെ എക്സൈസ് അറസ്റ്റ് ചെയ്തു.
കെ.എസ്.ആർ.ടി.സി കായംകുളം ഡിപ്പോയിലെ കണ്ടക്ടർ, തേവലക്കര അരിനല്ലൂർ മുട്ടം മുട്ടത്തുവീട്ടിൽ സ്മിനു രാജൻ (34) ആണ് അറസ്റ്റിലായത്. സഹോദരൻ സ്മിജോയുമായി ചേർന്നാണ് ഇയാൾ വീടിനുസമീപം വൻതോതിൽ ചാരായം വാറ്റിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനായി വീടിനോടുചേർന്ന് ഗോഡൗൺ സജ്ജീകരിച്ചിരുന്നു. ആർക്കും സംശയം തോന്നാതിരിക്കാൻ ഗോഡൗണിനു ചുറ്റും വിറക് അടുക്കിയിരുന്നു.
ചാരായം കന്നാസുകളിലാക്കി അർധരാത്രി കായലിലൂടെയാണ് ദൂരെസ്ഥലങ്ങളിലേക്ക് കടത്തിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചാരായം കടത്തുന്നതിന് വ്യത്യസ്തമാർഗങ്ങളും സ്വീകരിച്ചിരുന്നു. ഓണക്കാലം മുന്നിൽക്കണ്ട് വൻതോതിൽ ചാരായം വാറ്റാനായിരുന്നു ഇയാളുടെ പരിപാടിയെന്നും എക്സൈസ് സംഘം പറഞ്ഞു.
മുന്നൂറ് ലിറ്റർ കൊള്ളുന്ന വലിയ ബാരലുകളിലും വീപ്പകളിലുമാണ് കോട നിറച്ചിരുന്നത്. ചാരായം വാറ്റുന്നതിനുള്ള മുഴുവൻ സജ്ജീകരണങ്ങളും ഗോഡൗണിൽ ഉണ്ടായിരുന്നു. ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സഹോദരൻ സ്മിജോയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ജി.പ്രസന്നന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രിവന്റീവ് ഓഫീസർ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബി.സന്തോഷ്, സുധീർ ബാബു, എസ്.കിഷോർ, സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി മോഹൻ തുടരന്വേഷണം ഏറ്റെടുത്തു.