കോന്നി : സ്ഥിരം അപകട മേഖലയായി മാറിയിട്ടും സംസ്ഥാന പാതയിലെ മാമൂട് ഭാഗത്തെ അപകടം നിയന്ത്രിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തിയായ ശേഷം നിരവധി വാഹനാപകടങ്ങൾ ആണ് കോന്നി മാമൂട് ഭാഗത്ത് നടന്നിട്ടുള്ളത്. സംസ്ഥാന പാതയിൽ ഈ ഭാഗത്ത് റോഡിന്റെ വീതി കുറവായതാണ് അപകടങ്ങൾ വർധിപ്പിക്കുന്നതിനു കാരണം. സംസ്ഥാന പാതയിൽ മാമൂട്, ചിറ്റൂർ മുക്ക്, പുളിമുക്ക് തുടങ്ങിയ ഭാഗങ്ങളിൽ ആണ് ഏറെയും അപകടങ്ങൾ നടക്കുന്നത്. ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾ വേഗത കുറക്കുവാൻ ആവശ്യമായ നടപടികൾ പോലും അധികൃതർ ഇവിടെ ചെയ്തിട്ടില്ല. നിയന്ത്രണം വിട്ട കാർ തല കീഴായി മറിഞ്ഞതും നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാർ ഇടിച്ചുണ്ടായ അപകടവും ഈ ഭാഗത്ത് ആയിരുന്നു. ഈ ഭാഗത്ത് സ്ഥിരം അപകട മേഖലയാണ് എന്നുള്ളതിന്റെ സൂചന ബോർഡ് പോലും അധികൃതർ ഇവിടെ സ്ഥാപിച്ചിട്ടില്ല.
ഇരുചക്ര വാഹനങ്ങൾ അടക്കം വലിയ വേഗതയിൽ ആണ് ഈ വഴി ചീറി പായുന്നത്. കോന്നി ട്രാഫിക് ജംഗ്ഷനിൽ നിന്ന് വീതി ഏറിയ ഭാഗത്ത് കൂടി കടന്നുവരുന്ന വാഹനങ്ങൾ അതേ വേഗത്തിൽ ആണ് ഈ വഴി കടന്നു പോകുന്നത്. എന്നാൽ ഇവിടെ വീതി കുറവായത് മൂലം സ്ഥിരം അപകടങ്ങൾ നടക്കുന്നു എന്ന് പരിസരവാസികൾ പറയുന്നു. കാൽ നട യാത്രക്കാർക്കും ഇത് വലിയ ഭീഷണിയായി മാറുകയാണ്. ചീറി പായുന്ന വാഹനങ്ങൾക്ക് ഇടയിൽ കൂടി ഭീതിയോടെയാണ് കാൽനട യാത്രക്കാർ സഞ്ചരിക്കുന്നത്. നിരവധി തവണ ഈ വിഷയങ്ങൾ കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ വരെ ചർച്ചചെയ്യപെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മാത്രമല്ല പലസ്ഥലങ്ങളിലും സുരക്ഷാ വേലികൾ ഒടിഞ്ഞു നിൽക്കുന്നതും അപകട ഭീഷണി വർധിപ്പിക്കുന്നുണ്ട്. സുരക്ഷാ വേലികൾ പെയിന്റ് ചെയ്യുന്ന ജോലികൾ നടന്നു എങ്കിലും അപകടകരമായി റോഡിലേക്ക് ഒടിഞ്ഞു നിൽക്കുന്ന വേലികൾ നീക്കം ചെയ്തിട്ടുമില്ല. ഇതും കൂടുതൽ അപകടഭീഷണിയായി മാറുകയാണ്.