കോട്ടയം: കേരള സർവകലാശാലയിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന അധികാര വടം വലി സർവകലാശാലയുടെ നിലവാരത്തെ തകർക്കാൻ മാത്രമേ ഉപകരിക്കൂവെന്ന് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയും സെനറ്റ് അംഗവുമായ സിംജോ സാമുവൽ സഖറിയ. വൈസ് ചാൻസിലറും, രജിസ്ട്രാറും, ജോയിന്റ് രജിസ്ട്രാറുമാരുമൊക്കെ വില്ലന്മാരാവുന്ന സീൻ ക്ലൈമാക്സിലേക്കെത്തുമ്പോൾ നിസ്സഹായരായ വിദ്യാർഥികൾ സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുകയാണ്. തീർപ്പ് കല്പിക്കേണ്ട ഫയലുകൾ ചുവപ്പു നാടയിൽ കുരുങ്ങി കിടക്കുമ്പോൾ അക്കാദമിക മേഖലയിലാകെ അനിശ്ചിതത്വം സൃഷ്ടിക്കപ്പെടുന്നുവെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സിംജോ പറയുന്നു.
”യൂണിവേഴ്സിറ്റികളെ കാവിവത്കരിക്കുന്ന നിലപാടുമായി മുന്നോട്ട് പോവുന്ന ഗവർണർക്ക് പരവതാനി വിരിയ്ക്കുന്ന സാഹചര്യം യാതൊരു കാരണവശാലും അനുവദിച്ചു കൂടാ. അതേസമയം പിൻവാതിൽ നിയമനങ്ങളും, സ്വജനപക്ഷപാതവും ഇടത്പക്ഷവൽക്കരണവും നടത്തുന്ന അപകടകരമായ രാഷ്ട്രീയത്തെയും ഒഴിവാക്കേണ്ടതുണ്ട്. കേരളത്തിലെ ആരോഗ്യരംഗം പാടെ തകർത്ത് കളഞ്ഞ് ഒരു ജീവൻ നഷ്ടപ്പെടുത്തിയ ഗവൺമെന്റിലേക്കുള്ള ജനശ്രദ്ധ തിരിക്കാൻ എസ്.എഫ്.ഐയെക്കൊണ്ട് സമരമെന്ന പേരിൽ സർവകലാശാല ആസ്ഥാനത്ത് കാട്ടിക്കൂട്ടുന്ന ചെയ്തികൾ അല്പത്തരമാണെന്ന് നേതൃത്വം മനസ്സിലാക്കണം”- സിംജോ വ്യക്തമാക്കി.