തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് യോഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി. റംഷാദ്. വെന്റിലേറ്ററില്‍ കിടക്കുന്ന ഒരു സംവിധാനത്തിന് ഓക്സിജന്‍ നല്‍കുന്നതിന് പകരം കഴുത്ത് ഞെരിക്കുകയാണ് കുറേ കടല്‍കിഴവന്മാര്‍. ഗ്രൂപ്പ് യോഗം ചേര്‍ന്നത് പാര്‍ട്ടിക്ക് ശക്തി പകരുവാനാണോ എന്നും റംഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.
പാര്‍ട്ടിയുടെ ബാറ്റണ്‍, കാഴ്ചപ്പാടും വീക്ഷണവും നിലപാടുമുള്ളവര്‍ക്ക് നല്‍കി നിങ്ങള്‍ വിശ്രമിക്കുക. അതിനുള്ള വിധിയാണ് മേയ് രണ്ടിന് വന്നത്. നിങ്ങളിനിയും പാഠമുള്‍ക്കൊണ്ടില്ലെങ്കില്‍ പ്രവര്‍ത്തകര്‍ തിരുത്തുവാന്‍ തുടങ്ങും. അപ്പോള്‍ നിങ്ങള്‍ നാണം കെട്ടിറങ്ങേണ്ടി വരുമെന്നും റംഷാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പി. റംഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വെന്റിലേറ്ററില്‍ കിടക്കുന്ന ഒരു സംവിധാനത്തിന് ഓക്സിജന്‍ നല്‍കുന്നതിന് പകരം കഴുത്ത് ഞെരിക്കുകയാണ് കുറേ കടല്‍ കിഴവന്മാര്‍. ഗ്രൂപ്പ് യോഗം ചേര്‍ന്നത് പാര്‍ട്ടിക്ക് ശക്തി പകരുവാനാണോ?
പാര്‍ട്ടിയുടെ ബാറ്റണ്‍ കാഴ്ചപ്പാടും വീക്ഷണവും നിലപാടുമുള്ളവര്‍ക്ക് നല്‍കി നിങ്ങള്‍ വിശ്രമിക്കുക, അതിനുള്ള വിധിയാണ് may 2 ന് വന്നത്. നിങ്ങളിനിയും പാഠമുള്‍ക്കൊണ്ടില്ലെങ്കില്‍ പ്രവര്‍ത്തകര്‍ തിരുത്തുവാന്‍ തുടങ്ങും, അപ്പോള്‍ നിങ്ങള്‍ നാണം കെട്ടിറങ്ങേണ്ടി വരും…
കോണ്‍ഗ്രസില്‍ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായതിനു പിന്നാലെ ആര്യാടന്‍ മുഹമ്മദിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ എ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടി, ബെന്നി ബെഹനാന്‍, കെ. ബാബു, എം.എം. ഹസന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. എന്നാല്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്ന് എം.എം. ഹസനും കെ. ബാബുവും പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ നേതൃമാറ്റത്തിനു വേണ്ടി അണികള്‍ക്കിടയില്‍ മുറവിളി ഉയരുകയാണ്.