കൊച്ചി : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നതിനിടയില്‍ വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ മുസ്ലീംലീഗിനെ വെല്ലുവിളിച്ചു മന്ത്രി കെ ടി ജലീല്‍. ചില മലയാള ചാനലുകള്‍ക്കാണ് സന്ദേശം അയച്ചത്. താന്‍ പറയുന്നത് സത്യമാണെന്നും ലോകം മുഴുവന്‍ എതിര്‍ത്താലും സത്യം പുറത്തു വരുമെന്നും സത്യം സത്യമല്ലാതാകില്ലെന്നും അതില്‍ ആരും വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും കെ ടി ജലീല്‍ പറയുന്നു.
എന്‍ഐഎ ഓഫീസില്‍ നിന്നു തന്നെയാണ് സന്ദേശം അയച്ചിരിക്കുന്നത്. ഖുറാനില്‍ തൊട്ട് താന്‍ സത്യം ചെയ്യാമെന്നും അങ്ങിനെ ചെയ്യാന്‍ മുസ്ലീംലീഗ് തയ്യാറുണ്ടോ എന്നും ചോദിക്കന്നുണ്ട്. ഞാന്‍ പറയുന്നത് സത്യമാണ്. വിശുദ്ധഗ്രന്ഥത്തില്‍ തൊട്ട് സത്യം ചെയ്യാനുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ ലീഗ് തയ്യാറുണ്ടോ കോണ്‍ഗ്രസ് ബിജെപി ലീഗ് നേതാക്കളെ പോലെയാണ് എല്ലാവരുമെന്ന് ധരിക്കരുത് ലോകം മുഴുവന്‍ എതിര്‍ത്ത് നിന്നാലും സത്യം സത്യമല്ലാതാകില്ല. വാട്‌സ് ആപ്പ് സന്ദേശത്തില്‍ ജലീല്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. അതിനിടയില്‍ ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം തുടരുകയാണ്.
കൂടുതല്‍ നാണം കെടാതെ ജലീല്‍ ഇനിയെങ്കിലും രാജിവെയ്ക്കാന്‍ തയ്യാറാകണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുക്കുന്നത്. രാജ്യദ്രോഹം, തീവ്രവാദം തുടങ്ങിയ നിലകളില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഒരു ഏജന്‍സിക്ക് മുന്നില്‍ ഒരു മന്ത്രി ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുന്ന സാഹചര്യത്തില അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിന് ധാര്‍മ്മികമായി അവകാശമില്ലെന്നും പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജലീല്‍ രാജി വെയ്ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്‍ഐഎ നടപടിക്ക് വിധേയനായ ജലീല്‍ രാജി വെയ്ക്കണമെന്നാണ് ബിജെപിയുടെയും ആവശ്യം.
മന്ത്രിയെ ഇനിയും ന്യായീകരിക്കാന്‍ നില്‍ക്കരുതെന്ന് ബിജെപിയും ആവശ്യപ്പെടുന്നു. ഇന്ന് രാവിലെയാണ് മന്ത്രി കെ ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇത് മൂന്നാം തവണയാണ് അദ്ദേഹത്തെ എന്‍ഐഎ ചോദ്യം ചെയ്യലിന് വിളിക്കുന്നത്. എന്നാല്‍ തനിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ക്ക് അന്വേഷണം തീരും വരെ മാത്രമാണ് ആയുസ്സെന്ന് കെടി ജലീല്‍ പറയുന്നു. ചോദ്യം ചെയ്യല്‍ എന്‍ഐഎ ഓഫീസില്‍ മണിക്കൂറുകളായി തുടരുകയാണ്.