മലപ്പുറം : സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടില്‍ സി.പി.എം പ്രവര്‍ത്തകന്റെ മകന് ചോറൂണും പേരിടലും നടത്തി. മലപ്പുറം വളാഞ്ചേരി കാവുംപുറം സ്വദേശി രഞ്ജിത്ത് – ഷിബില ദമ്പതികളുടെ കുട്ടിയുടെ ചോറൂണാണ് മന്ത്രിയുടെ വീട്ടില്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ട്. കുട്ടിക്ക് ആദം ഗുവേര എന്ന് കെ.ടി ജലീല്‍ പേരിട്ടു.
കുട്ടിയ്ക്ക് ആദം ഗുവേരയെന്ന പേര് തിരഞ്ഞെടുത്തത് മന്ത്രി കെ.ടി ജലീലാണെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. സജീവ സി.പി.എം പ്രവര്‍ത്തകനാണ് രഞ്ജിത്ത്. ജലീലുമായി അടുത്ത ബന്ധം ആണ് രഞ്ജിത്തിന്. ചോറൂണും പേരിടലും ജലീല്‍ തന്നെ വേണം എന്ന് രഞ്ജിത്ത് നേരത്തെ നിശ്ചയിച്ചിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ഇന്നലെ രാവിലെയാണ് ചോദ്യം ചെയ്യല്‍ നടന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.