തിരുവനന്തപുരം : സംസ്ഥാനത്ത് 161 പഞ്ചായത്തുകളില്‍ ഇപ്പോള്‍ കുടുംബശ്രീ ഹോട്ടലുകള്‍ ഇല്ലെന്നും ഈ പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റിടങ്ങളില്‍ കുടുംബശ്രീ ഹോട്ടലുകള്‍ വഴി ഭക്ഷണം നല്‍കും. ആര്‍ക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ചിലവാകുന്ന തുക പഞ്ചായത്തുകള്‍ക്ക് അവരുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഉപയോഗിക്കാം. അതിനുള്ള തദ്ദേശ വകുപ്പിന്റെ ഉത്തരവ് നിലവില്‍ ഉണ്ട്. അതനുസരിച്ചു പണം ചിലവഴിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയും. പൈസയില്ലാത്തത് കൊണ്ട് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടാകരുത്.
ഇവിടെ ഒരു കാര്യം ആവര്‍ത്തിച്ചു പറയാനുള്ളത് ലോക്ക് ഡൌണ്‍ സമയത്ത് അനാവശ്യമായി പുറത്തിറങ്ങരുത് എന്ന് തന്നെയാണ്. മരണം അടക്കമുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ വേഗത്തില്‍ അനുമതി നല്‍കുന്നതിന് സംവിധാനമൊരുക്കും.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ ഗൗരവം മനസിലാക്കിയ പൊതുജനങ്ങള്‍ വളരെ ക്രിയാത്മകമായാണ് പ്രതികരിക്കുന്നത്. പ്രധാന റോഡുകളിലെല്ലാം പോലീസിന്റെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സര്‍വീസ് വിഭാഗങ്ങള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നു. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു പുറത്തിറങ്ങുന്നതിന് അനുവാദമുണ്ടെങ്കിലും ഇതു ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ പോലീസ് കര്‍ശന നടപടി സ്വീകരിക്കും.
അവധിദിനമായ ഇന്നലെ 16,878 പോലീസ് ഉദ്യോഗസ്ഥരെയാണ് നിരത്തുകളില്‍ നിയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് 25,000 പേരാണ് ആ ജോലി ചെയ്യുന്നത്. അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനായി ഓണ്‍ലൈന്‍ പാസ് നല്‍കുന്ന പോലീസ് സംവിധാനം ശനിയാഴ്ച നിലവില്‍ വന്നു. പ്രവര്‍ത്തനക്ഷമമായി 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും അപേക്ഷകര്‍ക്ക് പാസ് നല്‍കുന്നത് ലോക്ഡൗണിന്റെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. അതിനാല്‍ യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി ആവശ്യത്തിന്റെ ഗൗരവസ്ഥിതി ബോധ്യപ്പെട്ട് മാത്രമേ പാസ് നല്‍കാവൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അവശ്യസര്‍വ്വീസ് വിഭാഗത്തില്‍ പെടുത്തിയിട്ടുളളവര്‍ക്ക് അതത് സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പാസ് വേണ്ട. ദിവസേന യാത്രചെയ്യേണ്ടിവരുന്ന വീട്ടുജോലിക്കാര്‍, ഹോംനഴ്സുമാര്‍, തൊഴിലാളികള്‍ എന്നിങ്ങനെയുളളവര്‍ക്ക് സാധാരണഗതിയില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാകണമെന്നില്ല. ഈ വിഭാഗത്തില്‍പെട്ടവര്‍ അപേക്ഷിച്ചാല്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ പാസ് നല്‍കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. തൊട്ടടുത്ത കടയില്‍ നിന്ന് മരുന്ന്, ഭക്ഷണം, പാല്‍, പച്ചക്കറികള്‍ എന്നിവ വാങ്ങാന്‍ പോകുമ്പോള്‍ സത്യവാങ്മൂലം കൈയ്യില്‍ കരുതിയാല്‍ മതി.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പോലീസ് സേനാംഗങ്ങളില്‍ പലരും രോഗബാധിതരാകുന്നുണ്ട്. നിലവില്‍ 1259 പോലീസ് ഉദ്യോഗസ്ഥരാണ് രോഗബാധിതരായിട്ടുളളത്. ഇതില്‍ പരമാവധിപേരും വീടുകളില്‍ തന്നെയാണ് കഴിയുന്നത്. അവര്‍ക്ക് മെഡിക്കല്‍ സഹായം എത്തിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ പോലീസുകാര്‍ക്ക് പ്രത്യേക സി.എഫ്.എല്‍.ടി.സി സൗകര്യം ഒരുക്കി. മറ്റ് ജില്ലകളില്‍ ആവശ്യമുണ്ടെങ്കില്‍ സി.എഫ്.എല്‍.ടി.സി സൗകര്യം ഒരുക്കാന്‍ ജില്ലാതല ദുരന്ത നിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.