പത്തനംതിട്ട : കുടുംബശ്രീ കെ ഫോര്‍ കെയര്‍ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘടനം നാളെ ( 16) രാവിലെ 10 നു തിരുവല്ല തിരുമൂലപുരം എംഡിഎം ജൂബിലി ഹാളില്‍ തദ്ദേശ സ്വയംഭരണ മന്ത്രി ബി രാജേഷ് നിര്‍വഹിക്കും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ ഫോര്‍ കെയര്‍ വീഡിയോ ലോഞ്ചിങ് എംപി ആന്റോ ആന്റണിയും ചില്ലി പൗഡര്‍ ലോഞ്ചിങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരനും നിര്‍വഹിക്കും. സമ്പൂര്‍ണ രചന പുസ്തക പ്രകാശ പ്രഖ്യാപനം ജില്ലാ കളക്ടര്‍ എ ഷിബു നിര്‍വഹിക്കും. മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക്, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. ജിജു പി അലക്സ് , മുന്‍ ഡി ജിപി ഡോ. ജേക്കബ് പുന്നൂസ്, കോട്ടയം മെഡിക്കല്‍ കോളേജ് എച്ച്ഒഡി ഡോ. സൈറു ഫിലിപ്പ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാഥിതികളാകും.
കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന നൂതന പദ്ധതികളില്‍ ഒന്നാണ് കെ ഫോര്‍ കെയര്‍. വയോജന പരിപാലനം ,രോഗി പരിചരണം , അവശ്യ സാധനങ്ങള്‍ എത്തിക്കല്‍ , ഭിന്നശേഷി പരിചരണം , പ്രസവ ശുശ്രൂഷകള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ എത്തിക്കല്‍ തുടങ്ങിയ ഒരു കുടുംബത്തിന് ആവശ്യമായ കരുതലും സഹായവും വീടുകളിലേക്ക് എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ ,കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില , എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് , നഗരസഭാഗംങ്ങള്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.