തിരുവനന്തപുരം : കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്ത നൈപുണ്യ വികസന – ഉപജീവന പദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന പ്രകാരം കേരളത്തിലെ അർഹരായ ഗ്രാമീണ യുവതീ – യുവാക്കൾക്കായി കുടുംബശ്രീ മിഷൻ സൗജന്യ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ അംഗീകൃത പ്രോജക്ട് ഇംപ്ലിമെന്റെഷൻ ഏജൻസികൾ വഴി ഈ വര്ഷം ഒക്ടോബർ – നവംബർ മാസങ്ങളില് ആരംഭിക്കുന്ന പുതിയ ബാച്ചുകളിലേക്കാണ് പ്രവേശനം നടത്തുന്നത്.
ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് സൗജന്യ നൈപുണ്യ പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 56,665 പേർക്ക് സംസ്ഥാനത്തും വിദേശത്തുമായി തൊഴിൽ ലഭ്യമാക്കാൻ കുടുംബശ്രീക്ക് സാധിച്ചിരുന്നു. ഈ മികവിന്റെ തുടർച്ചയായാണ് രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി ലഭിച്ചത്. 2027 ഡിസംബറിനുള്ളിൽ ആകെ 30,272 പേർക്ക് പരിശീലനവും തൊഴിലും ലഭ്യമാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
സ്വകാര്യ മേഖലയില് 80,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ ചെലവുവരുന്ന അത്യാധുനിക സാങ്കേതിക കോഴ്സുകളാണ് പൂർണ്ണമായും സൗജന്യമായി നൽകുന്നത്. പഠനം, ഭക്ഷണം, താമസം, യൂണിഫോം, പഠന സാമഗ്രികൾ എന്നിവ തികച്ചും സൗജന്യമാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സർക്കാർ അംഗീകൃത ‘സെക്ടർ സ്കിൽ കൗൺസിൽ’ നൽകുന്ന സർട്ടിഫിക്കറ്റും കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും സൗജന്യ പ്ലേസ്മെന്റ് സൗകര്യവും ലഭിക്കും. കേരളത്തിലെ ഏത് ജില്ലയിലെ സെന്ററിലേക്കും വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഹെൽത്ത്കെയർ, ഐ.ടി & ഐ.ടി.ഇ.എസ്., ടൂറിസം & ഹോസ്പിറ്റാലിറ്റി, എയ്റോസ്പേസ് & ഏവിയേഷൻ, ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ്, അപ്പാരൽ, ഇൻസ്ട്രുമെന്റെഷൻ & ഓട്ടോമേഷൻ, ബാങ്കിംഗ് & ഫിനാൻഷ്യൽ സർവീസസ്, അയൺ ആൻഡ് സ്റ്റീൽ തുടങ്ങി തൊഴിൽ സാധ്യതയേറിയ 12 ലധികം പ്രമുഖ മേഖലകളിൽ 27 ലേറെ കോഴ്സുകളിലാണ് പ്രവേശനം ലഭിക്കുന്നത്.
18 മുതൽ 35 വയസ്സ് വരെയുള്ള (സ്ത്രീകൾ, ഭിന്നശേഷിക്കാർ, പട്ടികവർഗ്ഗം / പി.വി.റ്റി.ജി. വിഭാഗങ്ങളിൽപ്പെട്ടവർക്ക് 45 വയസ്സ് വരെ ഇളവുണ്ട്. പത്താം ക്ലാസ് മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കോഴ്സുകൾ തെരഞ്ഞെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അടുത്തുള്ള കുടുംബശ്രീ സി.ഡി.എസ്. ഓഫീസുമായോ ബ്ലോക്ക് പഞ്ചായത്ത് തലത്തിലുള്ള എസ്.ഐ.എസ്.ഡി. – സ്കിൽസ് ബ്ലോക്ക് കോ -ഓർഡിനേറ്റർമാരുമായോ ജില്ലാ കുടുംബശ്രീ മിഷൻ ഓഫീസുകളുമായോ നേരിട്ട് ബന്ധപ്പെടേണ്ടതാണ്. തിരുവനന്തപുരം കരമനയിൽ പ്രവർത്തിക്കുന്ന മൈഗ്രേഷൻ സപ്പോർട്ട് സെന്റർ വഴി അഡ്മിഷനുവേണ്ട സൗജന്യ മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിക്കും.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഡി.ഡി.യു – ജി.കെ.വൈ മൈഗ്രേഷൻ സപ്പോർട്ട് സെന്ററുകളുമായി ബന്ധപ്പെടാനുളള ഫോൺ നമ്പരുകൾ : തിരുവനന്തപുരം : 0471-3586525, എറണാകുളം: 0484-2959595, തൃശ്ശൂർ : 0487-2962517, കോഴിക്കോട്: 0495-2766160. ഡി.ഡി.യു.- ജി.കെ.വൈ. സെൻട്രലൈസ്ഡ് കോൾ സെന്റർ ടോൾ ഫ്രീ നമ്പർ : 1800 425 4714. രണ്ടാം ശനി, ഞായർ, പൊതു അവധി ദിവസങ്ങൾ ഒഴികെ രാവിലെ 10.00 മണി മുതൽ വൈകിട്ട് 05.00 മണി വരെയാണ് ഡി.ഡി.യു. – ജി.കെ.വൈ. സെൻട്രലൈസ്ഡ് കോൾ സെന്റർ പ്രവർത്തിക്കുക.































