തിരുവനന്തപുരം: രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ പദ്ധതിയുമായി കുടുംബശ്രീ. ഹോംശ്രീ ഹോം ഡെലിവറി എന്ന പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളും ഭക്ഷണവും വീട്ടിലെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചൊവ്വാഴ്ച ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. വാര്‍ഡ് തലത്തില്‍ ബുധനാഴ്ച മുതല്‍ ഹോംശ്രീ പദ്ധതി നടപ്പാക്കും.
അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ കടകളിലേക്ക് പോകുന്നത് ഒഴിവാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വഴിയാണ് ഹോം ഡെലിവറി സാധ്യമാക്കുക. കുടുംബശ്രീയുടെ ഹോട്ടലുകള്‍, കാന്റീനുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷണം പാചകം ചെയ്ത് ആവശ്യക്കാര്‍ക്ക് വീടുകളിലും ഓഫീസുകളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും എത്തിക്കും.