അടൂര്‍ : വീട്ടിലൊരു കുടുംബശ്രീ ഉത്പന്നം എന്ന പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഷീ ടോക്ക് പരിപാടിയുടെ ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കാമ്പയിന്റെ പോസ്റ്റര്‍ പ്രദര്‍ശന ഉദ്ഘാടനം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍ നിര്‍വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ സംരംഭകര്‍ക്ക് വിപണ രംഗത്ത് ആവശ്യമായ ബ്രാന്‍ഡിംഗ്, ലേബലിംഗ്, പ്രൈസിംഗ് എന്നിവയെക്കുറിച്ച് ലീഗല്‍ മെട്രോളജി റാന്നി സര്‍ക്കിള്‍ ഇന്‍പെക്ടര്‍ സുജിത്ത്, എഫ്എസ്എഐ ഓഫീസര്‍ നീതു രവികുമാര്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍ ജോയിക്കുട്ടി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്ലാസ് എടുത്തു.
ജില്ലയില്‍ മികച്ച വിജയം കൈവരിച്ച സംരംഭകരായ കൊടുമണ്‍ ഭാരത് ഫ്ളോര്‍ മില്‍ ഉടമ വത്സല കുമാരി, ഏഴംകുളം പഞ്ചായത്തിലെ ധന്യാ കാറ്ററിംഗ് ഉടമ സരസമ്മ, പന്തളം നേച്ചര്‍ബാഗ് ആന്‍ഡ് ഫയല്‍സിന്റെ അഞ്ച് സ്ഥാപക ഉടമകളില്‍ ഒരാളായ ജയലക്ഷ്മി എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു.
ജില്ലയില്‍ മൂന്നു സ്ഥലങ്ങളിലാണ് ഷീ ടോക്ക് പരിപാടി നടത്തുന്നത്. കുടുംബശ്രീ സംരംഭങ്ങളുടെ വിപണനം കാര്യക്ഷമമാക്കുക, മാര്‍ച്ച് 15ന് ജില്ലയിലെ എല്ലാ വീടുകളിലും ഒരു കുടുംബശ്രീ ഉത്പന്നം എത്തിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ സിഡിഎസ്, എഡിഎസ് തലത്തില്‍ ശേഖരിച്ച് ഓരോ വാര്‍ഡിലേയും അയല്‍ക്കൂട്ടങ്ങളില്‍ ഏല്‍പ്പിക്കുകയും ഇവര്‍ അതതു പ്രദേശത്തെ വീടുകളില്‍ എത്തിക്കുകയും ചെയ്യും.
ബ്ലോക്ക് അംഗം സോമരാജന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു, കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രതിനിധി മുഹമ്മദ് ഷോണ്‍, അസി.ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ എല്‍.ഷീല, മണികണ്ഠന്‍, പ്രോഗ്രാം മാനേജര്‍മാരായ എലിസബത്ത് ജി. കൊച്ചില്‍, അനു ഗോപി, ഉണ്ണികൃഷ്ണന്‍, ടി.കെ ഷാജഹാന്‍, സിഡിഎസ് മിനി സജി, ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍മാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.