പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ മുഖേന പുളിക്കീഴ് ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലായി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്‌സംരംഭ വികസന പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചിരിക്കുന്നു. ഒരു ബ്ലോക്ക് പ്രദേശത്ത് സുസ്ഥിരമായ വരുമാനദായക സംരംഭങ്ങള്‍ (വ്യക്തി/ഗ്രൂപ്പ്) ആരംഭിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായുള്ള ഒരു കേന്ദ്രമാണ് ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ (ബി.ആര്‍.സി). ഈ ഓഫീസ് മുഖേന ആയിരിക്കും പദ്ധതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നത്. സംരംഭ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു ഏകജാലകമായിട്ടായിരിക്കും ഈ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ബ്ലോക്ക് പരിധിയിലുള്ള എല്ലാ പഞ്ചായത്തുകളില്‍ നിന്നും സുഗമമായി എത്തിച്ചേരാന്‍ സാധിക്കുന്ന ഒരു പ്രദേശത്ത് ബി.ആര്‍.സി ആരംഭിക്കേണ്ടത് അനിവാര്യമാണ്. അതിനാല്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററും പരിശീലന കേന്ദ്രവും ആരംഭിച്ച് പ്രവര്‍ത്തിക്കുന്നതിന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം ഉദ്ഘാടനം ചെയ്തു.
കെട്ടിടത്തിന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് അംബികാ മോഹന്‍ നിര്‍വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിനല്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ബ്ലോക്ക് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍,ബ്ലോക്ക് മെമ്പര്‍മാരായ സതീഷ് ചാത്തങ്കരി, അഡ്വ. എം.ബി.നൈനാന്‍, കെ.വി പ്രസാദ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ അസി. കോര്‍ഡിനേറ്റര്‍ ഷീല എല്‍ പദ്ധതി വിശദീകരിച്ചു താക്കോല്‍ ഏറ്റുവാങ്ങി. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സംരംഭ വികസന പദ്ധതി ജില്ലാ പ്രോഗ്രാം മാനേജര്‍ ഉണിണികൃഷ്ണന്‍ നായര്‍, മെന്റര്‍ മേരി സെബാസ്റ്റ്യന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ നന്ദു രാജ്, എസ്.വി.ഇ. പി വൈസ് ചെയര്‍പേഴ്‌സന്‍ പൊന്നമ്മ, പുളിക്കീഴ് ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലേയും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, അക്കൗണ്ടന്റുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.