ഇടുക്കി : തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തിയ ഒന്‍പത് പേരെ കുമളി പോലീസ് പിടികൂടി. ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. കമ്പം, തേനി മേഖലയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് നടപടി. കമ്പം, തേനി മേഖലകളിലെ ധാരാളം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രദേശത്ത് നിന്നുള്ളവര്‍ കേരളത്തിലേക്ക് എത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് പരിശോധന കര്‍ശനമാക്കുകയും അതിര്‍ത്തി കടന്ന് എത്തിയവരെ പോലീസ് പിടികൂടി വീടുകളില്‍ ക്വാറന്റൈന്‍ ചെയ്തത്.
തേനി, കമ്പം ചെക്കപോസ്റ്റുകളിലൂടെ അതിര്‍ത്തി കടന്നെത്തിയ മലയാളികളും തമിഴ്‌നാട്ടുകാരുമായ ആള്‍ക്കാരുടെ എണ്ണം വര്‍ധിച്ചതായി കഴിഞ്ഞ ദിവസങ്ങളിലെ പരിശോധയില്‍ വ്യക്തമായിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച് സമാന്തരപാതകളില്‍ പരിശോധന നടത്താനും വനപാതകളില്‍ പിക്കറ്റിങ് ഏര്‍പ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. കമ്പമേട്ട് ഭാഗത്ത് നിന്ന് വന്ന മൂന്ന് പേരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.