ആലപ്പുഴ : ഡിവൈഎഫ്ഐ പ്രവര്‍ത്തകരും എംഎല്‍എയും തമ്മില്‍ ഭിന്നതയെന്ന വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അങ്ങേയറ്റം മോശമായി അധിക്ഷേപിക്കുകയും സന്നദ്ധ പ്രവര്‍ത്തന രംഗത്തുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അപഹസിക്കുകയും ചെയ്ത യു പ്രതിഭ എംഎല്‍എക്കെതിരെ സിപിഎം നടപടി എടുക്കുമെന്ന് സൂചന.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചാലുടന്‍ ഇവര്‍ക്കെതിരെ ഉചിതമായ നടപടി കൈകൊള്ളുമെന്നാണ് ആലപ്പുഴ ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഇകഴ്ത്തിക്കാട്ടുന്നതും പ്രതിരോധ രംഗത്തുള്ള യുവാക്കളുടെ മനോവീര്യം ചോര്‍ത്തുന്നതുമാണ് പ്രതിഭയുടെ നടപടിയെന്ന പൊതുവികാരം പാര്‍ട്ടിയിലും ഡിവൈഎഫ്‌ഐയിലും ശക്തമാണ്. പ്രതിഭയുടെ പരാമര്‍ശം വിവാദമായതോടെ സിപിഎം ജില്ലാകമ്മിറ്റി ഇവരെ താക്കീത് ചെയ്തുവെന്നാണ് സൂചന. പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയിലും ഇടതുപക്ഷ ജനപ്രതിനിധിയെന്ന നിലയിലും ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്തതാണ് എം.എല്‍.എയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു.
ഫേസ് ബുക്ക് ലൈവില്‍ നടത്തിയ പരാമര്‍ശം പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ ശ്രദ്ധയില്‍പ്പെടുത്തിയ ഉടന്‍ അത് പരിശോധിച്ച ശേഷം എംഎല്‍എയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് താക്കീത് നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരെയും സ്ത്രീകളെയും അപമാനിക്കും വിധത്തിലുള്ള ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ല. സിപിഎം എംഎല്‍എയ്ക്ക് ഈ അവസരത്തില്‍ ഒട്ടും ചേരുന്ന പരാമര്‍ശങ്ങളല്ല പ്രതിഭയുടെ ഭാഗത്ത് നിന്നുണ്ടായത്. പാര്‍ട്ടി അതിനെ ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ പരിശോധനകള്‍ നടത്തി കൊവിഡ് നിയന്ത്രണത്തിനുശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും നാസര്‍ പറഞ്ഞു.
തനിക്കെതിരെ ചില വ്യക്തികള്‍ നടത്തിയ പരാമര്‍ശങ്ങള്‍ യുവജന സംഘടനയുടെ നിലപാടാക്കി വാര്‍ത്ത നല്‍കിയെന്നാണ് എംഎല്‍എയുടെ ആരോപണം. തുടര്‍ന്നാണ് ‘ആണായാലും പെണ്ണായാലും ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്’ എന്നുള്‍പ്പെടെ കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ എംഎല്‍എ നടത്തിയത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ലൈവ് വീഡിയോയിലായിരുന്നു പ്രതിഭയുടെ പരാമര്‍ശം. തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ടെന്നും അവരുടെ കാല്‍ കഴുകി വെള്ളം വെള്ളം കുടിക്കണമെന്നുള്‍പ്പെടെ പ്രതിഭ ലൈവില്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് പാര്‍ട്ടി ഇടപെട്ടത്.
അതിനിടെ മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തിയ യു. പ്രതിഭ എംഎല്‍എ അവ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ആവശ്യപ്പെട്ടു. നേതൃപദവികളില്‍ ഇരിക്കുന്നവരുടെ പ്രവൃത്തികള്‍ സ്വാഭാവിമായും പൊതുസമൂഹത്തിലും അതുവഴി മാധ്യമങ്ങളിലും ചര്‍ച്ചയാകും. അവയോട് പ്രതികരിക്കേണ്ട രീതി ഇതല്ല. വനിത എംഎല്‍എ തന്നെ സ്ത്രീകള്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത് അങ്ങേയറ്റം അപലപനീയമാണ്.
സത്യസന്ധമായി തൊഴിലെടുത്ത് ജീവിക്കുന്ന മാധ്യമ പ്രവര്‍ത്തകരോടു മാത്രമല്ല, പൊതുസമൂഹത്തോട് തന്നെയുള്ള വെല്ലുവിളിയാണ് എംഎല്‍എയുടെ പരാമര്‍ശങ്ങളെന്ന് സംസ്ഥാന പ്രസിഡന്റ് ജി ശങ്കര്‍, ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.