കാത്തിരിപ്പിനൊടുവിൽ സഞ്ചാരികൾക്കായി കർണ്ണാടകയിലെ കുമാര പർവതത്തിൽ ട്രെക്കിങ് പുനരാരംഭിച്ചു. ട്രെക്കിങ് ചെയ്യുന്നവർ മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്യണം എന്നതാണ് നിബന്ധന. കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ ട്രെക്കിങ് കേന്ദ്രങ്ങളിലൊന്നായ ഇവിടം സാഹസിക സഞ്ചാരികളുടെയും ട്രെക്കേഴ്സിന്‍റെയും പ്രിയപ്പെട്ട ഇടമാണ്. കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിലെ വാരാന്ത്യങ്ങളിലും നീണ്ട അവധികളിലും കുമാര പർവ്വതയിൽ കനത്ത തിരക്കായിരുന്നു അനുഭവപ്പെട്ടത്. പരിസ്ഥിതിലോല പ്രദേശമായ ഇവിടെ വൻ തോതിൽ സഞ്ചാരികൾ എത്തിയത് വലിയ വിമർശനത്തിന് ഇടവെച്ചിരുന്നു. ജനുവരി അവസാന വാരത്തിൽ മാത്രം 4400 ആളുകളാണ് ഇവിടെയെത്തിയത്. തുടർന്നാണ് ഇവിടെ സന്ദർശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം കര്‍ണ്ണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ കുമാരപർവ്വത സന്ദർശിച്ചിരുന്നു. തുടർന്ന് കാര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് കുമാര പർവതത്തിൽ ട്രക്കിങ്ങിന് ഓൺലൈൻ ബുക്കിങ് ആരംഭിക്കാൻ അദ്ദേഹം നിർദ്ദേശം നല്കിയത്. കർണ്ണാടക വനം വന്യ ജീവി പരിസ്ഥിതി വകുപ്പില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തു മുന്‍കൂട്ടി അനുമതി ലഭിച്ചാൽ മാത്രമേ കുാര പർവ്വത ഉൾപ്പെടെയുള്ള കർണ്ണാടകയിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് പോകൻ സാധിക്കൂ. ഓണ്‍ലൈൻ സംവിധാനം വഴി ബുക്ക് ചെയ്തു നിശ്ചിത എണ്ണം ആളുകളെ മാത്രമേ ട്രെക്കിങ്ങിന് ഓരോ ദിവസവും അനുവദിക്കുകയുള്ളൂ. സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തുക എന്നതാണ് ലക്ഷ്യം.