തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയിൽ ജെ.ഡി.എസ് നേതാവ് കുമാരസ്വാമി അംഗമായതോടെ സംസ്ഥാനത്ത് ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ജെ.ഡി.എസ് വീണ്ടും വെട്ടിലായി. എൽ.ഡി.എഫ് സർക്കാരിൽ അംഗമായിരിക്കുന്ന ജെ.ഡി.എസിലൂടെ ബി.ജെ.പി ബന്ധമെന്ന ആരോപണം വീണ്ടും ഇടതുമുന്നണിക്കും സി.പി.എമ്മിനും നേരിടേണ്ടി വരും. . നിയമസഭാ സമ്മേളന കാലയളവായതിനാൽ യു.ഡി.എഫ് വിഷയം സഭയിൽ ഉയർത്തുമെന്ന ആശങ്ക. തിരഞ്ഞെടുപ്പിനിടെ പ്രജ്ജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട സ്ത്രീപീഡന വിവാദം ഉയർന്നതോടെ ജെ.ഡി.എസുമായുള്ള ബന്ധം വിച്ഛേദ്ദിക്കാൻ പാർട്ടി സംസ്ഥാന നേതൃയോഗം ചേർന്ന് തീരുമാനിച്ചിരുന്നു.
പ്രാദേശിക പാർട്ടി പ്രഖ്യാപനമോ മതേതര- ജനാധിപത്യ- സോഷ്യലിസ്റ്റ് സ്വഭാവമുള്ള ദേശീയ പാർട്ടിയുമായുള്ള ലയനമോ നടപ്പാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ഇതേവരെ പാർട്ടി രൂപീകരണമോ ലയനമോ എങ്ങുമെത്തിയിട്ടില്ല.ചെറുകക്ഷികളുടെ സ്വാധീനം ഉപയോഗപ്പെടുത്തി വിപുലമായ രാഷ്ട്രീയാടിത്തറയുള്ള പാർട്ടി രൂപീകരണവും സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. നിലവിലെ സാഹചര്യത്തിൽ പുതിയ പാർട്ടിയെന്ന ആശയത്തിന് വേഗം കൂട്ടി ഇടതു മുന്നണിയുടെ ആശങ്ക പരിഹരിക്കാൻ സംസ്ഥാന നേതൃത്വത്തിനും സമ്മർദ്ദമുണ്ട്. .