തിരുവനന്തപുരം: ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ ആരോപണങ്ങള്‍ തളളി നേമത്തെ ബി ജെ പി സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരന്‍. ബി ജെ പിയും സി പി എമ്മും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. വോട്ടിംഗ് പാറ്റേണ്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും കുമ്മനം വ്യക്തമാക്കി.
തിരുവനന്തപുരത്ത് ബി ജെ പി വോട്ടില്‍ പുരോഗതി മാത്രമേ ഉണ്ടായിട്ടുളളൂ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ജയിച്ചപ്പോള്‍ തിരുവനന്തപുരത്ത് ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ആരുമായും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കേണ്ട ആവശ്യം ബി ജെ പിക്ക് ഇല്ല. പലരും പല അഭിപ്രായങ്ങളും പറയുമെന്നും അതൊന്നും ബി ജെ പിയുടെ അഭിപ്രായമല്ലെന്നും അവരുടെ വ്യക്തിപരമായ കാഴ്‌ചപ്പാടാണെന്നും കുമ്മനം പറഞ്ഞു.
ബി ജെ പി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍ ബാലശങ്കര്‍ രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂരില്‍ നിന്ന് തന്നെ ബോധപൂര്‍വമാണ് ഒഴിവാക്കിയതെന്നും സീറ്റ് നിഷേധിച്ചത് ബി ജെ പി- സി പി എം ധാരണയെ തുടര്‍ന്നാണെന്നുമായിരുന്നു ബാലശങ്കറിന്റെ ഗുരുതര ആരോപണം.