പാലക്കാട് : സിപിഎം നേതാവ് എംബി രാജേഷിന്‍റെ ഭാര്യയുടെ അനധികൃത നിയമനം കേരളത്തിലെ യുവാക്കളോടുള്ള വഞ്ചനയെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍.
പാലക്കാട്ട് പത്രക്കാരുമായി സംസാരിക്കവേയാണ് കുമ്മനത്തിന്‍റെ ഈ പ്രതികരണം. സര്‍ക്കാര്‍ സര്‍വ്വീസില്‍ വ്യാപകമായി സിപിഎം നേതാക്കളുടെ ബന്ധുക്കളെ തിരുകി കയറ്റുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി. പി എസ് സി യെ നോക്കുകുത്തിയാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎം നേതാവ് എം.ബി രാജേഷിന്‍റെ ഭാര്യയെ കാലടി സര്‍വ്വകലാശാലയില്‍ മലയാളം അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിച്ചത് ഉള്‍പ്പെടെ, പാര്‍ട്ടിക്കാരെ സര്‍ക്കാര്‍ സര്‍വീസുകളില്‍ തിരുകിക്കയറ്റുന്ന സര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. നേരത്തെ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ കലിക്കറ്റ് സര്‍വ്വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിക്കാനും ശ്രമം നടന്നിരുന്നു.
എന്നാല്‍ ഈ അനധികൃതനിയമനം സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തന്നെ റദ്ദാക്കി. രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരി റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. ഇന്‍റര്‍വ്യൂ ബോര്‍ഡിലെ മൂന്ന് വിദഗ്ധ അംഗങ്ങളും നിനിത കണിച്ചേരി റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി വിസിയ്ക്കും സര്‍വ്വകലാശാല രജിസ്ട്രാര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. ഇതോടെ വിസി എല്ലാം വിശദീകരിച്ചിട്ടുണ്ടല്ലോ എന്ന രാജേഷിന്‍റെ വാദം പൊളിയുകയാണ്.