കൊച്ചി : എൽഡിഎഫുമായി ചേർന്നുള്ള സംയുക്ത സമരത്തെ എതിർത്തതിലും ലോക കേരള സഭ ബഹിഷ്‌കരിച്ചതിലും ശക്തമായ പ്രതിഷേധമറിയിച്ച് മുസ്ലീംലീഗ്. കൊച്ചിയിൽ ചേർന്ന യുഡിഎഫ് യോഗത്തിൽ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു.
പൗരത്വഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭംതന്നെയാണ് വേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി യോഗത്തിൽ ഉറപ്പിച്ചുപറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം സംയുക്തപ്രതിഷേധത്തിന് തയ്യാറായതും സഭയിൽ ഏകകണ്ഠമായി പ്രമേയം പാസാക്കിയതും അവസരോചിതമായി. യോജിച്ച പ്രക്ഷോഭത്തെ കോൺഗ്രസിലെ ചിലർ എതിർക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ലോക കേരളസഭയ്‌ക്കെതിരായ പരസ്യനിലപാടും ബഹിഷ്‌കരണവും പല കേന്ദ്രങ്ങളുടെയും വിമർശത്തിനിടയായി.
സർക്കാരിനോടുള്ള രാഷ്‌ട്രീയമായ എതിർപ്പ് പ്രവാസികളോട് കാണിക്കേണ്ടിയിരുന്നില്ല. യഥാർഥ പ്രവാസികളും വൻകിട നിക്ഷേപകരുമൊക്കെയാണ് ലോക കേരളസഭയിൽ പങ്കെടുത്തതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് നിലപാടിനെ അട്ടിമറിക്കാൻ ആരും ശ്രമിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തിരിച്ചടിച്ചു. യുഡിഎഫ് കൺവീനർ ബെന്നി ബഹനാനും തള്ളി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായി.