കോഴിക്കോട്: കുന്ദമംഗലം ചെത്തുകടവ്, പേരടി, നാഗത്താന്‍കോട്ട പരിസരത്ത് ചത്ത വവ്വാലുകളുടെ സ്രവം പരിശോധനക്ക് അയച്ചു. കണ്ണൂരിലെ ലാബിലേക്കാണ് പരിശോധനയ്ക്കയച്ചത്. അഞ്ചിലധികം വവ്വാലുകളാണ് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ കോട്ടയുടെ വിവിധഭാഗങ്ങളിലായി ചത്തുവീണത്. ഇതില്‍ കുഞ്ഞുങ്ങളുമുണ്ട്.
വവ്വാലുകള്‍ ചത്തതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണവകുപ്പ് പരിശോധന നടത്തി. ജില്ലാ വെറ്ററിനറി വിഭാഗത്തിലെ എപ്പിഡെമോളജിസ്റ്റ് ഡോ. നിഷ എബ്രഹാം, കുന്ദമംഗലം സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഗീത, കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി. സുരേഷ് ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. സജിത് എന്നിവരാണ് സ്ഥലത്തെത്തി പരിശോധിച്ചത്.
ചത്തുവീഴുന്ന വവ്വാലുകളെ മൃഗങ്ങള്‍ തിന്നതായും നാട്ടുകാര്‍ പറയുന്നുണ്ട്. വവ്വാലുകളുടെ ആവാസവ്യവസ്ഥയാണ് കോട്ടയുടെ പരിസരം എന്ന് നാട്ടുകാര്‍ പറയുന്നു. മഹാമാരി പടരുന്ന സാഹചര്യത്തില്‍ വവ്വാലുകള്‍ ചത്തത് പ്രദേശത്ത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. ചത്തുവീഴുന്ന വവ്വാലുകളെ ആഴത്തില്‍ കുഴിയെടുത്ത് ബ്ലീച്ചിങ് പൗഡര്‍, കുമ്മായം എന്നിവ ചേര്‍ത്ത് ഗ്ലൗസ് ഉള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പാക്കി കുഴിച്ചുമൂടാന്‍ നിര്‍ദേശിച്ചു. പനിയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ആര്‍ക്കെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് നിര്‍ദേശിച്ചു.