കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു ചാടിപ്പോയ ഒരു പ്രതിയെ പിടികൂടി. ആഷിഖ് ആണ് പിടിയിലായത്. പ്രതികള്‍ക്ക് സെല്ല് ചാടാന്‍ സഹായം ചെയ്തു കൊടുത്ത ഷഹല്‍ ഷാനു വെള്ളിയാഴ്ച പിടിയിലായിരുന്നു. ഈ മാസം 22നാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നാല് പേര്‍ ചാടിപ്പോയത്. ഇവര്‍ കൊടുംകുറ്റവാളികളാണെന്നാണ് പോലീസ് പറയുന്നത്. കുറ്റവാളികളെ പാര്‍പ്പിക്കുന്ന മൂന്നാം വാര്‍ഡിലെ പ്രത്യേക സെല്ലില്‍ നിന്നാണ് പ്രതികള്‍ പുറത്ത് ചാടിയത്.
കൊടുംകുറ്റവാളിയായ നിസാമുദ്ദീന്‍, പിടിച്ചുപറി -ലഹരി കേസുകളില്‍ ഉള്‍പ്പെട്ട അബ്ദുള്‍ ഗഫൂര്‍, ആഷിക്ക് എന്നിവരും ബന്ധുക്കള്‍ ഇല്ലാത്തതിനാല്‍ പോലീസ് കേന്ദ്രത്തിലെത്തിച്ച ഷഹല്‍ ഷാനുവുമാണ് രക്ഷപ്പെട്ടത്. മട്ടാഞ്ചേരി സ്വദേശിയായ നിസാമുദ്ദീന്‍ എറണാകുളത്തെ ഒരു കൊലക്കേസിലും പ്രതിയാണ്. ഏത് ബൈക്കിന്‍റേയും പൂട്ട് പൊളിക്കുന്നതിലും ഇായാള്‍ വിദഗ്ധന്‍ ആണെന്ന് പോലീസ് പറയുന്നു. അതിനാല്‍ ബൈക്കുകള്‍ മോഷ്ടിച്ച് ഇവര്‍ കടന്നതായാണ് പോലീസ് നിഗമനം.
അക്രമസ്വഭാവം ഉള്ളവരായതിനാല്‍ അതീവ ജാഗ്രതയോടെയാണ് പോലീസിന്റെ തെരച്ചില്‍ നടപടികള്‍. ഇവര്‍ക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസും പുറത്തിറക്കി. മാനസിക വിഭ്രാന്തി കാണിച്ചതിനാല്‍ ചൊവ്വാഴ്ചയാണ് ഇവരെ ജില്ലാ ജയിലില്‍ നിന്ന് കുതിരവട്ടത്തേയ്ക്ക് മാറ്റിയത്. സെല്ലിന്‍റെ പൂട്ട് പൊളിക്കാതെയാണ് രക്ഷപ്പെടല്‍ എന്നതിനാല്‍ ആസൂത്രിത നീക്കമെന്ന നിഗമനത്തിലാണ് മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍. ജീവനക്കാരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നറിയാന്‍ ആഭ്യന്തര അന്വേഷണത്തിന് മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്.