കൊച്ചി: ഈ മാസം ഒമ്പതിനു മുമ്പ് മുന്നണി യോഗം ചേര്‍ന്ന് കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ യുഡിഎഫ് സജ്ജമാണ്. മുന്നണിയ്ക്ക് ഒരു സ്ഥാനാര്‍ത്ഥിയേ ഉണ്ടാകൂ. ജോസ് കെ മാണിയുമായി ചര്‍ച്ച ചെയ്യുന്ന കാര്യം അടുത്ത യു ഡി എഫ് യോഗം തീരുമാനിക്കുമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.
സര്‍ക്കാരും സി പി എമ്മും വന്‍ പ്രതിസന്ധിയിലായിരിക്കുന്ന സമയമാണിതെന്നും ബെന്നി ബെഹനാന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിനെതിരെ ആഴത്തിലുള്ള അഴിമതി ആരോപണങ്ങളാണ് വരുന്നത്. സിപിഎമ്മും ജീര്‍ണാവസ്ഥയിലാണ്. രാജ്യസുരക്ഷാ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വരെ എന്‍ ഐ എ അന്വേഷണം നടക്കുന്നു. നാല് ദേശീയ ഏജന്‍സികളാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. എല്ലാ അഴിമതികളുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്.
ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണം സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണം. കള്ളക്കടത്ത് മാഫിയയില്‍ പെട്ട അനൂപുമായി ബന്ധമുണ്ടെന്ന് ബിനീഷ് തന്നെയാണ് പറഞ്ഞത്. പാര്‍ട്ടി സെക്രട്ടറിയെ പേടിയുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം പ്രഖ്യാപിക്കാത്തത്. മുഖ്യമന്തി കസേര പോകുമെന്ന് പിണറായിക്ക് പേടിയുണ്ട്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.