തിരുവല്ല : കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അര്‍ധരാത്രി വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ ശേഷം ആയുധങ്ങളുമായി ഗുണ്ടകളെ ഉപയോഗിച്ച് അതിക്രമം നടത്തിയ സ്ഥലം ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് സംഘം സന്ദര്‍ശിച്ചു. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും വയോധികന്റെ വസ്തുവില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
സത്യപ്രതിജ്ഞാ ലംഘനമാണ് പഞ്ചായത്ത് പ്രസിഡന്റ് നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ യു.ഡി.എഫ് കുറ്റൂര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസ്, ജോസഫ് എം. പുതുശ്ശേരി, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, റജി തോമസ്, തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ആര്‍. ജയകുമാര്‍, മണ്ഡലം പ്രസിഡന്‍റ് ജിനു തൂമ്പുംകുഴിയില്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.