കുവൈത്ത് സിറ്റി : കുവൈത്തിൽ അതി ശൈത്യം തുടരുന്നു. രാജ്യത്തെ ജനവാസ കേന്ദ്രങ്ങളിൽ പലയിടങ്ങളിലും താപ നില 6 മുതൽ 2 വരെ ഡിഗ്രീ സെൽഷ്യസ് വരെയായി കുറഞ്ഞു. മരുപ്രദേശങ്ങളിൽ ഇത് പൂജ്യം ഡിഗ്രീ സെൽഷ്യസ് വരെ എത്തിയിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരം മുതൽ ജനവാസ കേന്ദ്രങ്ങളിൽ പലയിടങ്ങളിലും അന്തരീക്ഷ താപനില പൂജ്യം ഡിഗ്രീ സെൽഷ്യസ് മുതൽ 3 ഡിഗ്രീ വരെ ആയി രേഖപ്പെടുത്തി. മരു പ്രദേശങ്ങളിൽ താപനില മൈനസ് ഡിഗ്രി രേഖപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
വരും ദിവസങ്ങളിൽ കാർഷിക, മരുപ്രദേശങ്ങളിൽ കനത്ത മൂടൽ മഞ്ഞ് രൂപപ്പെടുമെന്നും ഇത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകളും ആവശ്യമായ നടപടികളും സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിശൈത്യം മൂലം രാജ്യത്തെ സർക്കാർ വിദ്യാലയങ്ങളിൽ ഇന്ന് ഹാജർ നില വളരെ കുറവായിരുന്നു. വിദ്യാലയങ്ങളിൽ കാലത്ത് നടത്തുന്ന അസംബ്ലി ഒഴിവാക്കുന്നതിനു തീരുമാനമെടുക്കാൻ അതാത് വിദ്യാലയങ്ങളിലെ പ്രിൻസിപ്പൽമാർക്ക് അധികാരം നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ അറിയിച്ചു.