കുവൈത്ത് : രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള നടപടി ആരംഭിച്ച് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. 7019 അധ്യാപകരുടെ സേവനമാണ് കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്. രാജ്യത്ത് ആകെ 91,761 അധ്യാപകരുള്ളതായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കണക്ക്. ഇതിൽ 33,268 അധ്യാപകർ ആണ് അധികമായിട്ടുള്ളതെന്നാണ് പഠനത്തിൽ വ്യക്തമായത്. ഇവരിൽ ആദ്യഘട്ടമായാണ് 7019 അധ്യാപകരുടെ സേവനം അവസാനിപ്പിച്ചിരിക്കുന്നത്. പ്രതിവർഷം 42 ദശലക്ഷം കുവൈത്തി ദിനാർ ഇത്തരം നടപടികളിലൂടെ ലാഭിക്കാമെന്നാണ് കണക്കുകൂട്ടൽ. അധ്യാപകരുടെ എണ്ണം ഘട്ടം ഘട്ടമായി കുറക്കുകയാണ് ലക്ഷ്യമിടുന്നത്.
രാജ്യത്തെ അധ്യാപകരിൽ 70.6 ശതമാനവും കുവൈത്തി പൗരൻമാരാണ്. 10.1 ശതമാനവും ഗൾഫ് പൗരൻമാരും മറ്റുമാണ്. 19.3 ശതമാനമാണ് അറബ് പൗരൻമാരും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും. കുവൈത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം അധ്യാപകരെ പിരിച്ചുവിടുന്നത്. ബോയ്സ് സ്കൂളുകൾ, ഗേൾസ് സ്കൂളുകൾ എന്നിവിടങ്ങളിലെല്ലാം അധ്യാപകർ അധികമായുണ്ട്. സാഹെൽ ആപ്പിലാണ് പിരിച്ചുവിടൽ അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.































