കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങിന് രേഖാമൂലം കത്തെഴുതി. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ശക്തമായ തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കത്ത്.ചൈനീസ് ഉപ വിദേശകാര്യ മന്ത്രി ഡെങ് ലീയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ അംബാസഡർ സമീഹ് ഹയാത്ത് കത്ത് കൈമാറി.
കൂടിക്കാഴ്ചയിൽ രണ്ട് ഉദ്യോഗസ്ഥരും പരസ്പര താൽപര്യമുള്ള വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുന്നതിനൊപ്പം സാധ്യമായ എല്ലാ മേഖലകളിലും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും സംസാരിച്ചു. ഔദ്യോഗിക സന്ദർശനത്തിനായി ചൈനയിലെത്തിയതായിരുന്നു അംബാസഡർ ഹയാത്ത്. കുവൈത്ത്-ചൈനീസ് വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണ സംവിധാനത്തെക്കുറിച്ചുള്ള മൂന്നാം റൗണ്ട് മീറ്റിങ്ങുകളിൽ ഇദ്ദേഹമാണ് കുവൈത്ത് പ്രതിനിധി സംഘത്തെ നയിക്കുന്നത്. സന്ദർശന വേളയിൽ മറ്റ് മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥരുമായും സമീഹ് ഹയാത്ത് കൂടിക്കാഴ്ച നടത്തും.