കുവൈറ്റ് : കുവൈറ്റ് സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ഒരു വർഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ മാർഗം കളി ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംനേടി. ഫെബ്രുവരി 7 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് കൈഫാൻ അമേച്ചർ അത് ലറ്റിക് സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ആളുകളെ സാക്ഷികളാക്കി നടന്ന ഈ മഹാ സംരംഭത്തിൽ 876 പേരാണ് 25 മിനിറ്റിലധികം നീണ്ട മാർഗംകളി അവതരിപ്പിച്ച് നിലവിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്തത്.
നസ്രാണികളുടെ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞു ഒരേ താളത്തിൽ ഒരേ ചുവടുകൾ വച്ച് എല്ലാം മറന്ന് ആടിത്തകർത്തപ്പോൾ അത് കണ്ണിനും കാതിനും കുളിർമയേകുന്ന ഒന്നായി മാറി. ഒപ്പം നിലവിലുണ്ടായിരുന്ന ഗിന്നസ് റെക്കോഡ് തകര്‍ത്ത ആവേശവും പ്രകടമായി. കുവൈറ്റിനോടും അതിന്റെ ഭരണാധികാരികളോടുമുള്ള നന്ദിസൂചകമായി നടത്തപ്പെട്ട ശുക്രൻ അൽ കുവൈറ്റിലൂടെ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ സ്‌നേഹാദരവുകൾ കുവൈറ്റ് വിദേശകാര്യ കൗൺസിലർ ഷെയ്ഖ് ദുവൈജ് ഖലീഫ അൽസബ ഏറ്റുവാങ്ങി.
കുവൈറ്റ് സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് തോമസ് കുരുവിള, ജനറൽ സെക്രട്ടറി ബിജു ആന്റോ, ട്രഷറർ വിൽസൺ വടക്കേടത്ത് എന്നിവരുടെ നേതൃത്വത്തിൽ ഏരിയ, സോണൽ കമ്മിറ്റി ഭാരവാഹികളും, ആർട്സ് കൺവീനർ ബൈജു ജോസഫ് , ജുബിലി ജനറൽ കൺവീനർ ബിജോയ് പാലക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിലുള്ള ജൂബിലി കമ്മിറ്റിയും ചേർന്നാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് . ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി പി.പി നാരായൺ ഉൾപ്പെടെ കുവൈറ്റിലെ നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍പരിപാടിക്ക് എത്തിയിരുന്നു.