തിരുവനന്തപുരം : വര്‍ഷങ്ങള്‍ക്ക് ശേഷം കേരളാ പത്ര പ്രവര്‍ത്തക യൂണിയന്റെ തലപ്പത്ത് കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള മാധ്യമ പ്രവര്‍ത്തകയെത്തുന്നു.
കെയുഡബ്ലുജെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വിനീത എംവി വീക്ഷണം ദിനപത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ കൂടിയാണ്. കോണ്‍ഗ്രസിനായി സജീവമായി പ്രവര്‍ത്തന രംഗത്തുള്ള വ്യക്തികൂടിയാണ് വിനീത.കാലങ്ങളായി ഇടതുപക്ഷത്തിന് വിശേഷിച്ച് സിപിഎമ്മിനും ദേശാഭിമാനിക്കും പത്രപ്രവര്‍ത്തക യൂണിയനില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികളില്‍ ദേശാഭിമാനി പ്രതിനിധികളും തുടര്‍ച്ചയായി വിജയിച്ചിരുന്നു. ഇതോടെ യൂണിയന്റെ പല പ്രവര്‍ത്തനങ്ങളും ഇടതു നിയന്ത്രണത്തിലാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
ഇത്തവണയും ദേശാഭിമാനിയുടെ പിന്തുണയോടെയാണ് മാതൃഭൂമിയിലെ സൂര്യദാസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ഏറ്റവും കൂടുതല്‍ വോട്ടുള്ള ഒരു പാനലിനെതിരെ വനിതയെ മത്സരിപ്പിക്കുമ്ബോള്‍ എതിര്‍പാനലിനു പോലും അത്ര പ്രതീക്ഷയുണ്ടായിരുന്നില്ല. മികച്ച മത്സരം നടത്തുക എന്നതായിരുന്നു എതിരാളികള്‍ ലക്ഷ്യമിട്ടത്. എന്നാല്‍ പ്രചാരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ മത്സരം മുറുകി. അത്രയധികം വോട്ടുള്ളതല്ല വീക്ഷണം സെല്‍. എന്നിട്ടും വിനീതയുടെ വിജയം ഏതാണ്ട് ഉറപ്പിക്കാനായിരുന്നു.
വിനീതയുടെ വ്യക്തിഗത മികവുതന്നെയായിരുന്നു ഇതില്‍ പ്രധാനം. ഇതിനു മുമ്പ് രണ്ടുവട്ടം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന വിനീത അന്നു സംസ്ഥാന സമ്മേളനം തൃശൂരില്‍ വിജയകരമായി നടത്തിയതിന് പ്രശംസ നേടിയിരുന്നു. എന്തായാലും ചരിത്രം കുറിച്ച് ആദ്യ വനിതാ പ്രസിഡന്റ് എന്ന നേട്ടം പത്ര പ്രവര്‍ത്തക യൂണിയന് ഇനി അഭിമാനിക്കാം. വിനീതയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍ തന്നെയാണ്. പത്രപ്രവര്‍ത്തകര്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ അതില്‍ ഇടപെടുക എന്നതു തന്നെയാണ് പ്രധാന വെല്ലുവിളി. വളരെ കുറച്ചു സ്ഥാപങ്ങള്‍ മാത്രമാണ് കൃത്യമായി ശമ്പളം നല്‍കുന്നത്.
ഈ വിഷയങ്ങളിലും യൂണിയന്റെ ഇടപെടല്‍ അനിവാര്യമാണ്. ഇതോടൊപ്പം ഓണ്‍ലൈന്‍ രംഗത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടി അംഗത്വമടക്കം നല്‍കുന്ന കാര്യത്തില്‍ യൂണിയന്‍ അനുഭാവമായ ഇടപെടലുണ്ടാകണം. ഇതടക്കം നിരവധി വിഷയങ്ങളുണ്ട്. യൂണിയനെ സര്‍ക്കാര്‍ വിലാസം സംഘടന എന്ന ലേബലില്‍ നിന്നും മോചിപ്പിക്കുക എന്നതും മറ്റൊരു വെല്ലുവിളിയാണ്. സര്‍ക്കാര്‍ പറയുന്നതെന്തും അതേപടി അനുസരിക്കേണ്ടി വരുന്ന സംഘടനാ ഘടനയില്‍ നിന്നും പുതിയ നേതൃത്വത്തിനെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മാധ്യമ പ്രവര്‍ത്തകരും.