മലപ്പുറം: പോക്‌സോ കേസില്‍ അറസ്റ്റിലായ മുന്‍ സിപിഐഎം നേതാവും സെന്റ് ജമ്മാസ് സ്‌കൂളിലെ മുന്‍ അധ്യാപകനുമായ കെവി ശശികുമാറിന് ജാമ്യം. രണ്ട് പോക്‌സോ കേസുകളിലാണ് മഞ്ചേരി പോക്‌സോ കോടതി ജാമ്യം അനുവദിച്ചത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചുവെന്നായിരുന്നു രണ്ട് പൂര്‍വ വിദ്യാര്‍ത്ഥിനികളുടെ പരാതി. കഴിഞ്ഞ മെയിലാണ് ശശികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
വയനാട് ബത്തേരിക്ക് സമീപത്തെ ഹോം സ്‌റ്റേയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. അന്‍പതിലധികം പീഡനപരാതികളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് ശശികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. നിരവധി കുട്ടികളുടെ പരാതി ലഭിച്ചിട്ടും സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചില്ലെന്ന് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ ആരോപിച്ചിരുന്നു. മലപ്പുറം നഗരസഭാംഗമായിരുന്നു ശശികുമാര്‍. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നഗരസഭാംഗത്വം ശശികുമാര്‍ രാജിവെച്ചിരുന്നു. സിപിഐഎമ്മില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.