കൊച്ചി : എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, കെ.വി തോമസുമായി ചര്‍ച്ച നടത്തി. കെ.വി തോമസിനെ അദ്ദേഹം എന്‍സിപിയിലേക്ക് സ്വാഗതം ചെയ്തു. കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലെത്തിയ പി.സി ചാക്കോയാണ് സംസ്ഥാനത്ത് പാര്‍ട്ടിയെ നയിക്കുന്നത്. പി.സി ചാക്കോയുടെ പ്രവര്‍ത്തനത്തെ ശരദ് പവാര്‍ അഭിനന്ദിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നുവെന്ന് പവാര്‍ പറഞ്ഞു. പി.സി ചാക്കോയുടെ വഴിയില്‍ കെ.വി തോമസും എന്‍സിപിയിലെത്തുമോ എന്നാണ് പുതിയ ചോദ്യം. പ്രത്യക്ഷത്തില്‍ സിപിഎമ്മില്‍ ചേരുന്നതിന് മാനസികമായി പ്രയാസമുള്ളവര്‍ക്ക് എന്‍സിപിയാണ് പ്രധാന ചോയ്‌സ് എന്ന് പാര്‍ട്ടി നേതാക്കള്‍ നേരത്തെ പ്രതികരിച്ചിരുന്നു. എന്‍സിപി ഇടതുപക്ഷത്തിന്റെ ഭാഗമായതിനാല്‍ കോണ്‍ഗ്രസ് വിടുന്ന നേതാക്കള്‍ക്ക് പ്രവര്‍ത്തനരംഗത്ത് സജീവമാകുകയും ചെയ്യാം.
സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന സെമിനാറിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലും കെ.വി തോമസ് പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് തോമസിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. കെ.വി തോമസ് സിപിഎമ്മില്‍ ചേരാനിടയില്ല എന്നാണ് വിവരം. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് എന്‍സിപിയില്‍ ചേരുന്നതിന് രാഷ്ട്രീയമായ തടസമുണ്ടാകുകയുമില്ല. ശരദ് പവാറിന്റെ കൂടിക്കാഴ്ച ഈ വേളയില്‍ നിര്‍ണായകമാണ്. കോണ്‍ഗ്രസില്‍ നിന്ന് പലരും പാര്‍ട്ടിയില്‍ ചേരുമെന്ന് നേരത്തെ പി.സി ചാക്കോ പറഞ്ഞിരുന്നു. കെ.വി തോമസിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ശരദ് പവാര്‍ പറഞ്ഞു. കെ.വി തോമസ് എന്‍സിപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും പവാര്‍ പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലാണ് പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടത്. ഡല്‍ഹി കേന്ദ്രമായി കോണ്‍ഗ്രസിന്റെ ദേശീയ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു പി.സി ചാക്കോ. ഡല്‍ഹി കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിലെ അനൈക്യം സൂചിപ്പിച്ചാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ഗ്രൂപ്പുകളുടെ വീതംവയ്പ്പാണ് കേരളത്തില്‍ നടക്കുന്നത് എന്നായിരുന്നു വിമര്‍ശനം. തൊട്ടുപിന്നാലെ അദ്ദേഹം എന്‍സിപിയില്‍ ചേരുകയും സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കുകയും ചെയ്തു.
പി.സി ചാക്കോ അധ്യക്ഷനായ ശേഷം വലിയ മാറ്റങ്ങള്‍ കേരള ഘടകത്തില്‍ പ്രകടമാണ് എന്ന് ശരദ് പവാര്‍ പറഞ്ഞു. എല്ലാ ജില്ലകളിലും പാര്‍ട്ടി സജീവമാണ്. പുതിയ ഭാരവാഹികളെ നിശ്ചയിച്ച് മുന്നോട്ട് പോകും. പി.സി ചാക്കോ, പീതാംബരന്‍ മാസ്റ്റര്‍, ശശീന്ദ്രന്‍, തോമസ് എന്നിവരെല്ലാം ഒറ്റക്കെട്ടായിട്ടാണ് മുന്നോട്ട് പോകുന്നത്. കേരളത്തില്‍ നിന്ന് ഒരു പാര്‍ലമെന്റ് സീറ്റ് പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യം മുന്നണിയില്‍ ആവശ്യപ്പെടും. എന്‍സിപിയുടെ മന്ത്രിസ്ഥാനം വീതം വയ്ക്കുന്നത് സംസ്ഥാന നേതൃത്വം തീരുമാനിക്കേണ്ട കാര്യമാണെന്നും പവാര്‍ പ്രതികരിച്ചു.