തിരുവനന്തപുരം: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പൊതു, സ്വകാര്യമേഖല, നിര്‍മ്മാണമേഖല, തോട്ടം, കയര്‍, കശുവണ്ടി, മത്സ്യസംസ്‌കരണ മേഖല, സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലേബര്‍ കമ്മിഷണര്‍ പുറത്തിറക്കി. സാധ്യമാകുന്ന തൊഴിലാളികള്‍ക്കെല്ലാം വീട്ടിലിരുന്ന് ജോലിചെയ്യാന്‍ അവസരമൊരുക്കാന്‍ തൊഴിലുടമകളോട് നിര്‍ദേശിച്ചിട്ടുണ്ട്. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെയുള്ള ഐ.ടി. സ്ഥാപനങ്ങളിലും സ്റ്റാര്‍ട്ട് അപ് സ്ഥാപനങ്ങളിലും വര്‍ക്ക് ഫ്രം ഹോം സൗകര്യമെരുക്കണം.
ജോലിക്ക് ഹാജരാകുന്നതിന് ഫ്ളെക്സി ടൈം അനുവദിക്കണം. സെയില്‍സ് പ്രൊമോഷന്‍ ജോലിക്ക് നിയോഗിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. അര്‍ഹമായ എല്ലാ അവധികളും നല്‍കണം. വേതനത്തില്‍ കുറവ് വരുത്തരുത്. ബുദ്ധിമുട്ടുള്ള ടാര്‍ജറ്റ് ഏര്‍പ്പെടുത്തുകയോ അത് പാലിക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യരുത്. യോഗങ്ങള്‍ ഓണ്‍ലൈനായി നടത്തണം.
ലേഓഫ്, ലോക്ക്‌ഔട്ട്, റിട്രെഞ്ച്മെന്റ്, ടെര്‍മിനേഷന്‍ തുടങ്ങിയ നടപടികള്‍ പാടില്ല. കാഷ്വല്‍, ടെമ്പററി, കരാര്‍, ട്രെയിനി, ദിവസ വേതനം അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുള്ളവരെ പിരിച്ചുവിടാനോ അവരുടെ വേതനത്തില്‍ കുറവുവരുത്താനോ പാടില്ല. തൊഴില്‍ തര്‍ക്കങ്ങള്‍, സമരം എന്നിവ ഒഴിവാക്കണം. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസം, ഭക്ഷണം, ആരോഗ്യം തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം.
തോട്ടം മേഖലയില്‍ മാസ് വാക്സിനേഷന്‍ മാനേജ്മെന്റുകള്‍ നടപ്പാക്കണം. വാക്സിനേഷന് തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ നടത്താന്‍ സഹായം നല്‍കുകയും ഇതര സംസ്ഥാന തൊഴിലാളികളെ തോട്ടങ്ങളില്‍തന്നെ നിലനിര്‍ത്തുകയും എല്ലാവരും വാക്സിനേഷന്‍ സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്തുകയും വേണം.
ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ തോട്ടം വിട്ട് പുറത്തുപോകരുത്. മസ്റ്ററിങ്, ശമ്പള വിതരണം, തേയിലയുടെ തൂക്കം നിര്‍ണയിക്കല്‍ എന്നിവയ്ക്ക് സംഘം ചേര്‍ന്ന് നില്‍ക്കരുത്. വിദേശികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ തോട്ടങ്ങളില്‍ വരരുത്. തൊഴിലാളികളുടെ യോഗങ്ങള്‍ നടത്തരുത്.