കോഴിക്കോട് : 15കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മകന്‍ പിടിയിലായത്തിന് പിന്നാലെ അമ്മ ജീവനൊടുക്കി. എലത്തൂരില്‍ നിന്ന് സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇന്നലെ അറസ്റ്റിലായ സുബിന്റ അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. പുറക്കാട്ടേരി സ്വദേശി ജലജയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനമെന്ന് പോലീസ് പറയുന്നു. കേസില്‍ നേരത്തെ പിടിയിലായ അബ്ദുള്‍ നാസറിന്റെ കൂട്ടാളിയെന്ന് കണ്ടെത്തിയാണ് സുബിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെയാണ് കേസില്‍ 22 കാരനായ സുബിനും 38 കാരനായ സിറാജും അറസ്റ്റിലായത്. സുബിനെതിരെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചെന്നതാണ് സിറാജിനെതിരായ കുറ്റം. സുബിനെ വീട്ടില്‍ നിന്നും സിറാജിനെ ഉള്ളിയേരി അങ്ങാടിയില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്.