കാഞ്ഞിരപ്പള്ളി : ജന്മം നല്‍കിയ കണ്‍മണികളെ കാണാന്‍ കണ്ണു തുറക്കാതെ കൃഷ്ണപ്രിയ യാത്രയായി. തമ്പലക്കാട് പാറയില്‍ ഷാജി-അനിത ദമ്പതികളുടെ മകള്‍ കൃഷ്ണപ്രിയ(24) ആണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു. കൃഷ്ണപ്രിയയുടെ ചികില്‍സയ്ക്കായി നാട്ടില്‍ സഹായധനം സ്വരൂപിക്കുന്നതിനിടെയാണ് മരണം. ജനുവരി 29നാണ് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണപ്രിയ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പിറ്റേന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട കൃഷ്ണപ്രിയ അബോധാവസ്ഥയിലായി.
അണുബാധയെത്തുടര്‍ന്ന് രക്ത സമ്മര്‍ദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായതായും ഇത് ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിച്ചുവെന്നുവാണ് പരിശോധനയില്‍ കണ്ടെത്തിയത്. കൃഷ്ണപ്രിയയുടെ ഭര്‍ത്താവ് മൂവാറ്റുപുഴ സ്വദേശി പ്രവീണ്‍ ഡ്രൈവിംഗ് ജോലികള്‍ ചെയ്താണ് കുടുംബം നോക്കിയിരുന്നത്. കൃഷ്ണപ്രിയയുടെ പിതാവ് ഷാജി ആരോഗ്യപ്രശ്നങ്ങളാല്‍ വലയുകയായിരുന്നു. അമ്മ പശുവിനെ വളര്‍ത്തിയാണ് കുടുംബം നോക്കിയിരുന്നത്. ഇതിനെ തുടര്‍ന്ന് ചികില്‍സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ നാട്ടുകാര്‍ സഹായഹസ്തം നീട്ടിയത്.