കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ ലോറിയിടിച്ച് പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇടക്കുന്നം പത്തില്‍ വീട്ടില്‍ ജോഷ്ല ഹനീഫ (35) യാണ് അപകടത്തില്‍ മരിച്ചത്.
പൂതക്കുഴിയിലെ മുഹിദ്ദീന് ജുമാ മസ്ജിദിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. തൊടുപുഴ സ്വദേശികളുടെ ലോറി സ്കൂട്ടറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിന്റെ വശത്ത് തട്ടിയായിരുന്നു അപകടം. ഇടക്കുന്നം മുക്കാലിയില്‍ തയ്യല്‍ സ്ഥാപനം നടത്തുകയായിരുന്നു ജോഷ്ല. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു.