ന്യൂഡല്‍ഹി: തൃശൂരിലെ കുട്ടനെല്ലൂരില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്ന പ്രതി മഹേഷിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അദ്ധ്യക്ഷയായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്. മഹേഷിനോട് അടിയന്തരമായി കീഴടങ്ങാനാണ് കോടതി നല്‍കിയ നിര്‍ദ്ദേശം.
കുട്ടനെല്ലൂരില്‍ ഡെന്റല്‍ ക്ലിനിക് നടത്തിയിരുന്ന സോനാ ജോസിനെ 2020 സെപ്റ്റംബര്‍ 28-നാണ് മഹേഷ് കൊലപ്പെടുത്തിയത്. പിന്നീട് ഒക്ടോബര്‍ ആറിന് മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 21 നാണ് ഹൈക്കോടതി മഹേഷിന് ജാമ്യം അനുവദിച്ചത്.
സ്വന്തം പിതാവിന്റെ മുന്നില്‍ വച്ചാണ് സോനയെ കൊലപ്പെടുത്തിയതെന്നും വെറും 75 ദിവസം മാത്രം ജയിലില്‍ കഴിഞ്ഞ മഹേഷിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു എന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ സുപ്രീം കോടതിയില്‍ വാദിച്ചു.
പഠനകാലത്ത് സോനയും മഹേഷും സുഹൃത്തുക്കളായിരുന്നു. പിന്നീട് മഹേഷിന്റെ നിര്‍ബന്ധത്തില്‍ കുട്ടനെല്ലൂരില്‍ സോന ക്ലിനിക് തുടങ്ങി. ക്ലിനിക്കിന്റെ ഇന്റീരിയര്‍ ഡിസൈന്റെ നിര്‍മാണച്ചെലവ് സംബന്ധിച്ചുണ്ടായ തര്‍ക്കമാണു കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്.