ലക്‌നൗ: പോലീസിനെ കബളിപ്പിച്ച് മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന ‘ലേഡി ഡോൺ’ അറസ്റ്റിൽ. ഡൽഹി ബർഗർ കിംഗ് ഔട്ട്‌ലെറ്റിൽ നടന്ന കൊലപാതകത്തിന്റെ സൂത്രധാരരിൽ ഒരാളായ അനു ദങ്കർ എന്ന 19കാരിയാണ് ഉത്തർപ്രദേശ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂണിൽ അമൻ ജൂൺ എന്ന 26കാരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അമൻ ജൂണിലെ അനു തന്ത്രപൂർവം ബർഗർ കിംഗ് ഔട്ട്ലെറ്റിൽ എത്തിക്കുകയായിരുന്നു. രജൗരി ഗാർഡനിലെ ഔട്ട്‌ലെറ്റിലേയ്ക്ക് അമൻ കയറിച്ചെല്ലുന്നതും അവിടെ ഒരു മേശയിൽ അനു കാത്തിരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. കുറച്ചുകഴിയുമ്പോൾ കുറച്ച് ഗുണ്ടകൾ മേശ വളയുകയും അമനിനെ വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനിടെ അമനിന്റെ ഫോണും പഴ‌്‌സും കൈക്കലാക്കി അനു കടന്നുകളയുകയും ചെയ്തു. 2020ൽ ഹരിയാനയിൽ നടന്ന കൊലപാതകത്തിന്റെ പ്രതികാരമായാണ് അമനിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ഗുണ്ടാത്തലവൻ ഹിമാൻഷു ബാവു കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇന്ത്യവിട്ട ഇയാൾ ഇപ്പോൾ പോർച്ചുഗലിലാണെന്നാണ് വിവരം.
ഹിമാൻഷുവിന്റെ സംഘത്തിൽപ്പെട്ട ശക്തി ദാദയുടെ കൊലയുമായി ബന്ധപ്പെട്ട പ്രതികാര നടപടിയായിരുന്നു 26കാരന്റെ കൊലപാതകം.ഗുണ്ടാസംഘത്തിന്റെ ഇടയിൽ ‘ലേഡി ഡോൺ’ എന്ന പേരിലാണ് അനു അറിയപ്പെട്ടിരുന്നത്. ഹിമാൻഷു തനിക്ക് അമേരിക്കയിൽ ആഡംബര ജീവിതം വാഗ്‌ദാനം ചെയ്തിരുന്നതായാണ് അനു പോലീസിന് മൊഴി നൽകിയത്. പിടിക്കപ്പെടുന്നതിന് മുൻപ് അനു ഡൽഹിയിലും അമൃത്‌സറിലും കത്രയിലും ഒളിവിൽ കഴിഞ്ഞിരുന്നു. പിന്നീട് ജലന്തറിലും ഹരിദ്വാറിലും എത്തി. ശേഷം രാജസ്ഥാനിലേയ്ക്ക് കടക്കുകയും ചെയ്തു. അനുവിന്റെ ചെലവുകൾക്കായി ഹിമാൻഷു പതിവായി പണം അയച്ചിരുന്നു. കഴിഞ്ഞ 22ന് നേപ്പാൾ – ദുബായ് വഴി അമേരിക്കയിലെത്താൻ ഹിമാൻഷു അനുവിനോട് നിർദേശിച്ചിരുന്നു. തുടർന്ന് ലക്‌നൗവിലെത്തിയ അനു ലഖിംപൂർഖേരി വഴി നേപ്പാളിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.