ഹൈദരാബാദ് : ആന്ധ്രാപ്രദേശില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ തലയറുത്തു കൊന്ന ഭാര്യ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. 53കാരനായ ഭശ്യാം രവിചന്ദ്രന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ വസുന്ധരയെ (50) അറസ്റ്റ് ചെയ്തു. വസുന്ധര കീഴടങ്ങിയതിനു പിന്നാലെ പോലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ കുടുംബവീട്ടില്‍നിന്നാണ് രവിചന്ദ്രന്റെ ശരീരം കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നു പോലീസ് അറിയിച്ചു. ക്ഷേത്രനഗരമായ തിരുപ്പതിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള റെനിഗുണ്ട ടൗണില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഗുണ്ടൂര്‍ ജില്ലയിലെ നര്‍സറോപേട്ട് സ്വദേശി രവിചന്ദറിനെ കൊലപ്പെടുത്തിയത് പ്രകാശം ജില്ലയിലെ ഗിദ്ദലൂര്‍ സ്വദേശി വസുന്ധരയാണ്.
ദമ്പതികള്‍ 20 വയസ്സുള്ള മകനോടൊപ്പം റെനിഗുണ്ട ടൗണിലെ പോലീസ് ലൈന്‍സ് സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്. മകന് മാനസികാസ്വാസ്ഥ്യമുണ്ട്. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത് ഒരു വര്‍ഷമായി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച ദമ്പതികള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായെന്നും പരസ്പരം ആക്രോശിക്കുന്നത് കേട്ടതായും സമീപവാസികള്‍ പോലീസിനോട് പറഞ്ഞു. “മാതാപിതാക്കള്‍ വഴക്കിടുമ്പോള്‍ മകന്‍ വീട്ടിലുണ്ടായിരുന്നില്ല. ദേഷ്യത്തില്‍ വസുന്ധര മൂര്‍ച്ചയുള്ള കത്തി എടുത്ത് ആവര്‍ത്തിച്ച് കുത്തുകയും പിന്നീട് തലവെട്ടുകയും ചെയ്തു. പിന്നീട് രവിചന്ദറിന്റെ തല പ്ലാസ്റ്റിക് ബാഗിലാക്കി പോലീസ് സ്റ്റേഷനിലെത്തി. “ബാഗ് മേശപ്പുറത്ത് വച്ചപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി,” പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വസുന്ധരയെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ദമ്പതികളുടെ വീട്ടില്‍ നിന്ന് രവിചന്ദറിന്റെ ശരീരം കണ്ടെടുത്തതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചതായും പോലീസ് അറിയിച്ചു.