റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഇരുനില കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് സ്ത്രീ അഞ്ചു കുട്ടികളെ താഴേക്ക് വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ രണ്ടു കുട്ടികള്‍ ചികിത്സയില്‍. സ്ത്രീക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി പോലീസ് പറയുന്നു.
ഝാര്‍ഖണ്ഡിലെ സാഹേബ്ഗഞ്ച് ജില്ലയില്‍ ഞായറാഴ്ച വൈകീട്ട് ഏഴുമണിക്കാണ് സംഭവം. ബിഹാരിലാല്‍ മണ്ടര്‍ ഭവനില്‍ പത്തുകുട്ടികള്‍ ടെലിവിഷന്‍ കാണുന്ന സമയത്താണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ മുകളിലേക്ക് സ്ത്രീ കുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഓരോ കുട്ടികളെയായി എടുത്ത് ടെറസിന്റെ മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
രണ്ടു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ബുദ്ധന്‍ മണ്ഡലിനും പരിക്കേറ്റിട്ടുണ്ട്. കടുത്ത നടപടിയിലേക്ക് സ്ത്രീ പോയ കാരണം വ്യക്തമല്ല. അതേസമയം അടുത്തകാലത്തായി സ്ത്രീ മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി പോലീസ് പറയുന്നു. സ്ത്രീയെ ചോദ്യം ചെയ്യാന്‍ തുടങ്ങി. അതേസമയം പരിക്കേറ്റ കുട്ടികളുടെ മാതാപിതാക്കള്‍ സ്ത്രീയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.