കൊച്ചി : കശുവണ്ടി ഫാക്ടറിയിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. കോതമംഗലം കീരംപാറ ഊമ്പക്കാട്ട് വീട്ടില്‍ ജിന്റോ വര്‍ക്കി (35) എന്നയാളെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്.
കോതമംഗലം ചെറുവട്ടൂര്‍ സ്വദേശിയെ കബളിപ്പിച്ചാണ് ഇയാള്‍ നാൽപത് ലക്ഷം രൂപയും വാഹനവും കവർന്നത്. പരാതിക്കാരന്റെ കൈവശമുള്ള 50 സെന്റ് സ്ഥലം കശുവണ്ടി വ്യവസായം നടത്താൻ ലീസിന് നൽകിയാൽ മുപ്പതിനായിരം രൂപ വാടക നൽകാമെന്നായിരുന്നു ജിന്റോയുടെ വാഗ്ദാനം. ഫാക്ടറിയിൽ പങ്കാളിയാക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് തുക തട്ടിയത്. ഒപ്പം പരാതിക്കാരന്റെ ഒപ്പ് വ്യാജമായിട്ട് വാഹനങ്ങൾ വാങ്ങുക കൂടി ചെയ്തു 35 വയസുകാരനായ ജിന്റോ.
തട്ടിപ്പിന് ശേഷം ഒളിവിൽ പോയ പ്രതിയെ എറണാകുളം റൂറൽ എസ്പി കെ. കാർത്തികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കേരളത്തിലുടനീളം വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനെട്ടോളം കേസ്സുകൾ പ്രതിക്കെതിരായുണ്ട്. ഇയാളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് പരാതിക്കാരനും കുടുംബവും കോതമംഗലം പോലീസ് സ്റ്റേഷന് മുൻപിൽ സത്യാഗ്രഹമിരുന്നിരുന്നു.