കൊച്ചി : ലോക്ക്ഡൗൺ അവസാനിക്കും വരെ ലക്ഷദ്വീപിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗവുമായ കെ.കെ. നാസിഹ് ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.
ദ്വീപിലെ 80 % ജനങ്ങളും ദിവസക്കൂലിക്കാരാണ്. ലോക്ക്ഡൗൺ കൂടി വന്നതോടെ അമിനി ,കവരത്തി ദ്വീപുകളിലെല്ലാം ഭക്ഷ്യ ക്ഷാമമുള്ളതായും ഹർജിയിൽ പറഞ്ഞു. സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, സിയാദ് റഹ്മാൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുക.