റാന്നി : ജനമൈത്രി പോലീസിന്‍റെ ഇടപെടല്‍ ഫലം കണ്ടു. ലക്ഷ്മിക്ക് ഇനി കരുണാലയത്തിന്‍റെ സംരക്ഷണം. വടശ്ശേരിക്കര കന്നാംപാലത്തിന് സമീപം കടമാംകുന്നു സ്വദേശി ചരുവിൽ ഗോപാലകൃഷ്ണന്‍റെ മകള്‍ ലക്ഷ്മി(28) ഇനി കരുണാലയത്തില്‍ സംരക്ഷണയില്‍ കഴിയും. സംരക്ഷിക്കാനാളില്ലാതെ വലഞ്ഞ പോളിയോ ബാധിതയായ ലക്ഷ്മിയെ കിടങ്ങന്നൂർ കരുണാല ചാരിറ്റബിൾ ട്രസ്റ്റ് ഇന്നലെ ഏറ്റെടുത്തു. സംരംക്ഷിക്കാന്‍ ആരുമില്ലാതെ പിതാവും മകളും വലയുന്നതറിഞ്ഞ് റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ എം.ആര്‍ സുരേഷ് നേരിട്ട് ഇടപ്പെട്ടാണ് കരുണാലയത്തില്‍ എത്തിച്ചത്.
ഹൃദ് രോഗിയായ പിതാവിന്‍റെ സംരംക്ഷണത്തിലായിരുന്നു ലക്ഷ്മി. തീര്‍ത്തും അവശനായ തനിക്ക് മകളെ സംരക്ഷിക്കാനാകില്ലെന്നും സഹായിക്കണമെന്നും ഇന്‍സ്പെക്ടറോട് ആവശ്യപ്പെട്ടതോടെയാണ് ജനമൈത്രി പോലീസിന്‍റെ ഇടപെടല്‍ ഉണ്ടായത്. രാവിലെ എസ്.ഐ സി.കെ ഹരികുമാര്‍, ഡബ്ല്യു.സി.പി.ഒ സെബാനാ അഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ലക്ഷ്മിയെ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളെ ഏറ്റെടുക്കുകയായിരുന്നു.